കൊച്ചി: പ്രമുഖ അഭിഭാഷകൻ എം.കെ.ദാമോദരൻ (70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു.

നായനാർ സർക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. പിണറായി സർക്കാർ അധികാരമേറ്റെടുത്തപ്പോൾ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എം.കെ.ദാമോദരനെ നിയമിച്ചിരുന്നു. എന്നാൽ നിയമനം വിവാദമായതിനെത്തുടർന്ന് അദ്ദേഹം സ്ഥാനം ഏറ്റെടുത്തില്ല. ലാവ്‌ലിൻ കേസിൽ പിണറായി വിജയന്റെ അഭിഭാഷകനായിരുന്നു. പല പ്രമാദമായ കേസുകൾക്ക് അദ്ദേഹം ഹാജരായിട്ടുണ്ട്.

എക്കാലത്തും ജനപക്ഷത്ത് നിന്ന് സാമൂഹ്യബോധത്തോടെ നിയമം കൈകാര്യം ചെയ്ത പ്രഗത്ഭനായിരുന്നു എംകെ ദാമോദരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിപ്രഗത്ഭനായ വക്കീലായിരിക്കെ പോലും നിസ്വജനവിഭാഗത്തിന് നീതി നേടി കൊടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക നിഷ്കര്‍ഷയുണ്ടായിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. “കേരളത്തിന്റെ നീതിന്യായ മേഖലയ്ക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്. എന്നെ സംബന്ധിച്ച് അടുത്ത സുഹൃത്തിനെ കൂടിയാണ് നഷ്ടമായത്. സാമൂഹ്യ പ്രതിബദ്ധതയുളള ഒരു നിയമപോരാളിയെയാണ് കേരളത്തിന് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ