തൃശൂർ: റിയൽഎസ്റ്റേറ്റ് ഇടപാടുകാരൻ രാജീവ് വധക്കേസില്‍ അറസ്റ്റിലായ പ്രമുഖ അഭിഭാഷകൻ ഉദയഭാനു ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ചു. ഉദയഭാനു കേസിലെ മുഖ്യപ്രതിയായ ചക്കര ജോണിക്ക് ഉപദേശം നല്‍കുക മാത്രമാണ് ചെയതതെന്നും, പ്രതികള്‍ക്ക് കയ്യബദ്ധം പറ്റിയതാണെന്നും ഉദയഭാനു അന്വേഷണ സംഘത്തോട് പറഞ്ഞു.

നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുന്നതിന് വേണ്ടി രാജീവിനെ തട്ടിക്കൊണ്ടുപോയി രേഖകളിൽ ഒപ്പുവയ്ക്കാനായിരുന്നു പദ്ധതിയിട്ടത്. അതിനുവേണ്ടി രാജീവിനെ ബന്ദിയാക്കാൻ തന്റെ കക്ഷിയായ ജോണിക്ക് നിർദ്ദേശം നൽകി. എന്നാൽ,​ കൊല്ലരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇരുവരും ചേർന്ന് രാജീവിനെ കൊലപ്പെടുത്തുകയായിരുന്നെന്നും ഡി.വൈ.എസ്.പി ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഉദയഭാനു പറഞ്ഞു

ഇന്നലെ രാത്രി ഏഴു മണിയോടെ ഉദയഭാനുവിന്റെ രണ്ടാമത്തെ സഹോദരൻ അജയ്ഘോഷിന്റെ വസതിയായ തൃപ്പൂണിത്തുറ ഹിൽപ്പാലസ് മ്യൂസിയത്തിന് സമീപമുള്ള വയലിൽ റോഡിലെ സൗപർണികയിൽ നിന്നാണ് അഭിഭാഷകനെ പൊലീസ് പിടികൂടിയത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി പത്തു മണിയോടെ പ്രത്യേക അന്വേഷണസംഘത്തിന്റെ ആസ്ഥാനമായ തൃശൂർ റൂററിൽ എത്തിച്ചു.

ഇന്നലെ രാത്രി എസ്.പി യതീഷ് ചന്ദ്ര ഉദയഭാനുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറിലധികം നീണ്ടു നിന്നതായാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായി ഫോണിൽ നിരന്തരം ബന്ധപ്പെടാനുണ്ടായ സാഹചര്യം, കൊല്ലപ്പെട്ട രാജീവുമായുള്ള ബന്ധം, വസ്തു ഇടപാടുകൾ നടത്തിയതുമായുള്ള വിവരങ്ങൾ എന്നിവയാണ് ചോദ്യാവലിയിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് സൂചന.

ഇന്ന് വൈദ്യപരിശോധന പൂർത്തിയാക്കി ഉച്ചയ്ക്ക് ശേഷം ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അതേസമയം, പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കില്ലെന്നാണ് സൂചന. നാളെയോ, തൊട്ടടുത്ത ദിവസമോ ആയിരിക്കും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. സെപ്തംബർ 29നാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ ചാലക്കുടിയിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ