തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഇടത് സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍ രംഗത്ത്. എസ്എഫ്ഐക്കാർ കൊടിയും ചുരുട്ടി സ്ഥലം വിട്ടതോടെ ലാ അക്കാദമി സമരം അവസാനിച്ചു എന്നാണ് സർക്കാർ നിലപാടെന്ന് ജയശങ്കര്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

ഇപ്പോൾ നടക്കുന്നത് സമരമല്ല, സമരാഭാസമാണ്. സഖാവ് ലക്ഷ്മിനായർ 5 കൊല്ലത്തേക്ക് ലാ അക്കാദമിയുടെ ഭരണ സാരഥ്യം ഉപേക്ഷിച്ചതു തന്നെ മഹാ ത്യാഗമാണ്. ഇനി അവർക്കെതിരെ ദളിത് പീഡനത്തിനു കേസെടുക്കണം, ലാ കാളേജിനു പതിച്ചു കൊടുത്ത ഭൂമി തിരിച്ചു പിടിക്കണം, നാരായണൻ നായരെ നാടുകടത്തണം എന്നൊക്കെ പറഞ്ഞാൽ നടപ്പില്ലെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

ഹാർവാഡിന്റേയും യേലിന്റേയും നിലവാരത്തിലേക്കു കുതിക്കുന്ന നിയമ വിജ്ഞാന കേന്ദ്രമാണ് പേരൂർക്കടയിലെ ലക്ഷ്മീ വിലാസം നായർ അക്കാദമി. നിയമത്തോടൊപ്പം പാചകം പഠിക്കാനുളള സൗകര്യം ലോകത്ത് മറ്റൊരിടത്തുമില്ല. ആ മഹാ സ്ഥാപനത്തെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും പരിഹാസം നീളുന്നു.

അക്കാദമിക്കു പതിനൊന്നര ഏക്കർ പതിച്ചുകൊടുത്തത് സർ സിപിയാണെങ്കിലും കരുണാകരൻ ആണെങ്കിലും ഈ സർക്കാർ അത് തിരിച്ചു പിടിക്കുന്ന പ്രശ്നമില്ല. സ്ത്രീധനം കിട്ടിയ സ്വത്തു പോലെ നാരായണൻ നായർക്ക് അത് ഉപയോഗിക്കാം. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുണ്ടെങ്കിൽ, നിയമ സർവകലാശാലയുടെ അടുത്ത വൈസ് ചാൻസലർ ലക്ഷ്മി ആയിരിക്കുമെന്നും ജയശങ്കര്‍ പറയുന്നു.

നാരായണൻ നായരുടെ അനന്തരവൻ ജയകുമാറിന് വിഎസിന്റെ കാലത്ത് വിസിയാകാമെങ്കിൽ, മകൾ ലക്ഷ്മിക്ക് വിജയഭരണ കാലത്തും വീസിയാകാം. അലവലാതികൾ കുരയ്ക്കട്ടെ എന്നാണ്, തൊണ്ടയിൽ വട കുടുങ്ങി സംസാര ശേഷി നഷ്ടപ്പെട്ട ഒരു ധീര വിപ്ലവകാരിയുടെ ഫേസ്ബുക് പോസ്റ്റെന്ന് എം സ്വരാജിനെ ലക്ഷ്യമിട്ട് ജയശങ്കര്‍ പറഞ്ഞു. കളളന്മാരെ കാണുമ്പോഴാണ് സഖാവേ നായ്ക്കൾ കുരയ്ക്കുന്നത്. ആനപ്പുറത്തിരിക്കുന്നിടത്തോളം കാലം അലവലാതികളെ പേടിക്കണ്ടെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. ഡിവൈഎഫ്ഐ പ്രമേയത്തേയും പരിഹസിച്ചാണ് ജയശങ്കര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജയശങ്കറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

എസ്എഫ്ഐക്കാർ കൊടിയും ചുരുട്ടി സ്ഥലം വിട്ടതോടെ ലാ അക്കാദമി സമരം അവസാനിച്ചു എന്നാണ് സർക്കാർ നിലപാട്. ഇപ്പോൾ നടക്കുന്നത് സമരമല്ല, സമരാഭാസമാണ്.
സഖാവ് ലക്ഷ്മിനായർ 5 കൊല്ലത്തേക്ക് ലാ അക്കാദമിയുടെ ഭരണ സാരഥ്യം ഉപേക്ഷിച്ചതു തന്നെ മഹാ ത്യാഗമാണ്. ഇനി അവർക്കെതിരെ ദളിത് പീഡനത്തിനു കേസെടുക്കണം, ലാ കാളേജിനു പതിച്ചു കൊടുത്ത ഭൂമി തിരിച്ചു പിടിക്കണം, നാരായണൻ നായരെ നാടുകടത്തണം എന്നൊക്കെ പറഞ്ഞാൽ നടപ്പില്ല.

ഹാർവാഡിൻെറയും യേലിൻെറയും നിലവാരത്തിലേക്കു കുതിക്കുന്ന നിയമ വിജ്ഞാന കേന്ദ്രമാണ് പേരൂർക്കടയിലെ ലക്ഷ്മീ വിലാസം നായർ അക്കാദമി. നിയമത്തോടൊപ്പം പാചകം പഠിക്കാനുളള സൗകര്യം ലോകത്ത് മറ്റൊരിടത്തുമില്ല. ആ മഹാ സ്ഥാപനത്തെ തകർക്കാൻ ആരെയും അനുവദിക്കില്ല.
അക്കാദമിക്കു പതിനൊന്നര ഏക്കർ പതിച്ചുകൊടുത്തത് സർ സിപിയാണെങ്കിലും കരുണാകരൻ ആണെങ്കിലും ഈ സർക്കാർ അത് തിരിച്ചു പിടിക്കുന്ന പ്രശ്നമില്ല. സ്ത്രീധനം കിട്ടിയ സ്വത്തു പോലെ നാരായണൻ നായർക്ക് അത് ഉപയോഗിക്കാം.

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുണ്ടെങ്കിൽ, നിയമ സർവകലാശാലയുടെ അടുത്ത വൈസ് ചാൻസലർ ലക്ഷ്മി ആയിരിക്കും. നാരായണൻ നായരുടെ അനന്തരവൻ ജയകുമാറിന് വിഎസിൻെറ കാലത്ത് വിസിയാകാമെങ്കിൽ, മകൾ ലക്ഷ്മിക്ക് വിജയഭരണ കാലത്തും വീസിയാകാം.
അലവലാതികൾ കുരയ്ക്കട്ടെ എന്നാണ്, തൊണ്ടയിൽ വട കുടുങ്ങി സംസാര ശേഷി നഷ്ടപ്പെട്ട ഒരു ധീര വിപ്ലവകാരിയുടെ ഫേസ്ബുക് പോസ്റ്റ്.

കളളന്മാരെ കാണുമ്പോഴാണ് സഖാവേ നായ്ക്കൾ കുരയ്ക്കുന്നത്. ആനപ്പുറത്തിരിക്കുന്നിടത്തോളം കാലം അലവലാതികളെ പേടിക്കണ്ട.

വാൽക്കഷ്ണം:
ക്യാമ്പസുകളിലെ ദളിത് പീഡനം തടയാൻ ‘വെമുല നിയമം’ കൊണ്ടുവരണമെന്ന് ഡിഫിയുടെ ദേശീയ സമ്മേളനം പ്രമേയം പാസാക്കി. അതിൻെറ പരിധിയിൽ നിന്ന് ലാ അക്കാദമിയെ ഒഴിവാക്കണം. അല്ലെങ്കിൽ ലക്ഷ്മി സഖാവ് അഴിയെണ്ണും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.