കൊച്ചി: വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞ വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരെ അഡ്വ. എ ജയശങ്കര്‍. മണി പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. സംസ്ഥാനം കടുത്ത വരൾച്ചയിലൂടെ കടന്നുപോകുമ്പോൾ മണിമുഴങ്ങുന്നത് ആർക്കുവേണ്ടിയാണെന്ന് ജയശങ്കര്‍ ചോദിച്ചു. ഇന്ന് ലോക വനദിനമാണെന്നും നാളെ ജലദിനമാണെന്നും ഓര്‍മ്മിപ്പിച്ചാണ് ജയശങ്കറിന്റെ വിമര്‍ശനം.
“വൺ, ടു, ത്രീ, ഫോർ. ആദ്യം കാടുവെട്ടും, കാട്ടുമൃഗങ്ങളെ കൊന്നുതിന്നും, ആദിവാസികളെ നാട്ടിലേക്ക് ഓടിക്കും പിന്നെ കുന്നിടിക്കും മലനിരത്തും, റോഡുവെട്ടും. അതുകഴിഞ്ഞു അണകെട്ടും അതോടെ വൈദ്യുതി പ്രതിസന്ധിക്ക് ചെറിയൊരു ആശ്വാസമുണ്ടാകും. അതിരപ്പള്ളി പദ്ധതി നടപ്പാക്കിയ മഹാൻ എന്ന് മണിയാശാന്റെ പേര് ചരിത്രം രേഖപ്പെടുത്തുമെന്നും” ജയശങ്കര്‍ പരിഹസിച്ചു.
പേടിക്കണ്ട, സമവായം ഉണ്ടാക്കിയിട്ടേ പദ്ധതി നടപ്പാക്കൂ. മാണിയുടെ പാർട്ടിയും മണിയുടെ പാർട്ടിയും പദ്ധതിക്ക് ഇപ്പോഴേ അനുകൂലമാണ്. ഉമ്മൻ ചാണ്ടിയും മുരളീധരനും ആര്യാടനും പണ്ടേ അനുകൂലമാണ്. കുഞ്ഞുമാണിയും കുഞ്ഞൂഞ്ഞും പറഞ്ഞാൽ കുഞ്ഞാലിയും അനുകൂലമാകും. കേന്ദ്രം അനുമതി തന്ന സ്ഥിതിക്ക് ഇവിടുത്തെ ബി.ജെ.പി.ക്കാർ എതിർക്കാൻ കഴിയില്ല. അപ്പോൾ ഏറക്കുറേ സമവായം ആയിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നെ കുറേ സി.പി.ഐ.ക്കാരും വായ്നോക്കികളായ പരിസ്ഥിതി പ്രേമികളും ബാക്കിയുണ്ടാകും. അവരിൽ കുറച്ചുപേരെ തല്ലിക്കൊല്ലും, കുറേ പേരെവെടിവെച്ചുകൊല്ലും. ശേഷിക്കുന്നവരെ അന്പത്തിയൊന്നോ അന്പത്തിരണ്ടോ വെട്ടുവെട്ടി കൊല്ലിക്കുമെന്നും ജയശങ്കര്‍ രൂക്ഷമായി പരിഹസിച്ചു.
അതിരപ്പിളളി പദ്ധതിയെക്കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു എംഎം മണിയുടെ വിവാദ പ്രസ്താവന. അതിരപ്പിളളി പദ്ധതിയിൽനിന്ന് പുറകോട്ടില്ല. പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച് മുന്നണിക്കകത്ത് തന്നെ എതിരഭിപ്രായമുണ്ട്. വനം നശിക്കുന്നതായുള്ള പരാതി ഗൗരവമുള്ളതല്ല. അതിനേക്കാള്‍ പ്രാധാന്യം വൈദ്യുതിക്കാണെന്നും മണി പറഞ്ഞു.