എറണാകുളം: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂര്‍ പറഞ്ഞു. പൊതുസമൂഹത്തിന്റെ വികാരം കണക്കിലെടുത്താണ് ഒരു നിരപരാധിയെ വധശിക്ഷയ്ക്ക് വിധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യന്‍ ജ്യൂഡീഷ്യറി തന്നെ തകര്‍ന്ന് പോയതായി ബിഎ ആളൂര്‍ വിധി ചൂണ്ടിക്കാട്ടി വിമര്‍ശിച്ചു. പ്രോസിക്യൂഷന്റെ വക്താവായാണ് കോടതി വിധി പ്രസ്താവിച്ചതെന്ന് ആളൂര്‍ പറഞ്ഞു. ഇന്ത്യയിലെ മേല്‍ക്കോടതികളില്‍ നീതി തേടി പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീഴ്കോടതികള്‍ക്ക് നട്ടെല്ല് ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. കുറ്റവാളി ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ തന്നെ നല്‍കണമെന്നുമുളള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
എട്ട്മാസം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് ഇന്ന് കേസിൽ ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതകം, ബലാൽസംഗം, പീഡനത്തിനായി ആയുധം ഉപയോഗിച്ച് പരുക്കേൽപിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കുക, വീട്ടിൽ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിട്ടുള്ളത്.