തിരുവനന്തപുരം: ഭക്ഷണങ്ങളിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണം. മായം ചേർക്കുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ പിന്നെ തുറക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മുഴുവൻ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച പരിശോധന നടത്താൻ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് ഉടൻ രൂപീകരിക്കും. പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ പുറത്തിറങ്ങും. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഭയമില്ലാതെ നടപടിയെടുക്കാനുള്ള സാഹചര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കാസർഗോഡ് ഭക്ഷ്യവിഷബാധയെ തുടർന്ന് പെൺകുട്ടി മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി.
കാസർഗോഡ് തലക്ലായിൽ അഞ്ജുശ്രീ പാർവ്വതിയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ഇന്നു മരിച്ചത്. കുഴിമന്തി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ അഞ്ജുശ്രീയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കവേയാണ് മരണം.
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയായ അഞ്ജുശ്രീ ക്രിസ്മസ്-പുതുവത്സര അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പുതുവത്സരത്തലേന്ന് ഓൺലൈനായി കാസർഗോഡുള്ള അൽ റൊമൻസിയ ഹോട്ടലിൽനിന്നും കുഴിമന്തി ഓർഡർ ചെയ്തു. ഭക്ഷണം കഴിച്ച കുടുംബാംഗങ്ങൾക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായി. എന്നാൽ അഞ്ജുശ്രീയുടെ ആരോഗ്യ നില മോശമായതോടെ കാസർഗോഡുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.