തിരുവനന്തപുരം: അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ ദത്തുനല്കിയതില് ശിശുക്ഷേമ സമിതിയ്ക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമപ്രകാരമുള്ള എല്ലാ നടപടികളും പാലിച്ചാണു കുഞ്ഞിനെ ദത്തുനല്കിയതെന്നു ആരോഗ്യ ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. കെകെ രമയുടെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നു പുലര്‍ച്ചെ 12.45നും രാത്രി ഒന്‍പതിനും രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയില്‍ ലഭിച്ചു. ഇതിലൊരു കുഞ്ഞ് അനുപമയുടേതല്ലെന്നു ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായിരുന്നു.
അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെട്ടതായാണു പരിഗണിക്കുന്നതെന്നും അതനുസരിച്ചുള്ള കാര്യങ്ങളാണ് ശിശുക്ഷേമ സമിതി നിയമപരമായി നിര്‍വഹിച്ചതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ വനിതാ ശിശുക്ഷേമ സെക്രട്ടറിയുടെ അന്വേഷണം നടക്കുകയാണ്്. അനുപമയ്ക്കു കുഞ്ഞിനെ തിരികെ ലഭിക്കണമെന്നാണു സര്‍ക്കാരിന്റെ ശക്തമായ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.
പ്രശ്നത്തിനു കോടതിയിലൂടെ മാത്രമേ പരിഹാരം കാണാന്‍ കഴിയൂ. അന്വേഷണ നടപടിക്രമങ്ങള്‍ കോടതിയെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ പരാതികളിലും സര്‍ക്കാര്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. അനധികൃത ഇടപെടല്‍ ഉണ്ടായിട്ടില്ല. കുഞ്ഞിന്റെ ഭാവി കണക്കിലെടുത്തായിരിക്കണം അന്തിമ ഉത്തരവെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read: അനുപമയ്ക്ക് ആശ്വാസം; കുഞ്ഞിന്റെ ദത്ത് നടപടികള്‍ കോടതി സ്റ്റേ ചെയ്തു
അനുപമയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിയ്ക്കും മറ്റു സംവിധാനങ്ങള്‍ക്കും വീഴ്ചയുണ്ടായെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണു കെകെ രമ അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. പിഞ്ചുകുഞ്ഞിനെ അമ്മയ്ക്ക് നഷ്ടപ്പെട്ടത് ഗുരുതരമായ വീഴ്ചയാണെന്നു രമ ചൂണ്ടിക്കാട്ടി.
അതേസമയം, കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇക്കാര്യം സഭയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ പാടില്ലാത്തതാണെന്നും വിഷയത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി അനുവദിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് സ്പീക്കര്‍ എംബി രാജേഷ് നോട്ടിസ് അവതരണത്തിനു അനുമതി നല്‍കിയത്.
കുഞ്ഞിനെ ദല്കിയ വിഷയത്തിലെ ഗൂഢാലോചനയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് രമ ആവശ്യപ്പെട്ടു. അനധികൃത ഇടപെടല്‍ നടത്തിയ ശിശുക്ഷേമ സമിതി പിരിച്ചുവിടണം. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യാതെ ആറുമാസ ഒത്തുകളിച്ചു. ഉന്നത രാഷ്ട്രീയ ഭരണ ഗൂഢാലോചന നടന്നുവെന്നും രമ ആരോപിച്ചു.
രമയ്ക്കു സംസാരിക്കാന്‍ ഒരു മിനുറ്റ് മാത്രം അനുവദിച്ച സ്പീക്കര്‍ തുടര്‍ന്ന് മൈക്ക് ഓഫ് ചെയ്തത് സഭയില്‍ ബഹളത്തിനിടയാക്കി. പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധിച്ചു.