കോന്നി: കഴിഞ്ഞ ദിവസം നടന്ന കലാശക്കൊട്ടില്‍ പങ്കെടുക്കാതിരുന്നത് വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് അടൂര്‍ പ്രകാശ് എംപി. കോന്നിയിലെ മുന്‍ എംഎല്‍എ കൂടിയായ അടൂര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ഥി പി.മോഹന്‍രാജിന്റെ പരസ്യപ്രചാരണത്തിന്റെ ഭാഗമായുള്ള കലാശക്കൊട്ടില്‍ പങ്കെടുത്തില്ല. ഇത് വലിയ വിവാദമായിരുന്നു. യുഡിഎഫിനുള്ള അനൈക്യമുണ്ടെന്നും പി.മോഹന്‍രാജിന്റെ സ്ഥാനാര്‍ഥിത്വം അടൂര്‍ പ്രകാശ് ഇപ്പോഴും അംഗീകരിക്കുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി അടൂര്‍ പ്രകാശ് തന്നെ എത്തിയത്.

“കലാശക്കൊട്ടില്‍ പങ്കെടുക്കാത്തത് വലിയ വാര്‍ത്തയായി എന്ന് അറിഞ്ഞു. വളരെ ഖേദകരമായ കാര്യമാണിത്. അഞ്ച് തവണ കോന്നിയില്‍ നിന്ന് മത്സരിച്ചപ്പോഴും കൊട്ടിക്കലാശത്തിനു പോയിട്ടില്ല. മുന്‍ കാലങ്ങളിലും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തിട്ടില്ല. കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം നല്‍കി ഒരു പ്രശ്‌നം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് കലാശക്കൊട്ടില്‍ നിന്ന് മാറിനില്‍ക്കാറുള്ളത്. കൊട്ടിക്കലാശത്തില്‍ പങ്കെടുക്കില്ല എന്നത് സ്വന്തം നിലപാടു കൂടിയാണ്. രാവിലെ മുതല്‍ സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. വൈകീട്ട് ആറ് വരെ പ്രചാരണത്തിനുണ്ടായിരുന്നു. കലാശക്കൊട്ടില്‍ പങ്കെടുത്തില്ല എന്നത് ഒരു വിവാദമാക്കേണ്ട ആവശ്യമില്ല” അടൂര്‍ പ്രകാശ് പറഞ്ഞു.

Read Also: Horoscope of the Week (Oct 20-Oct 26 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

അതേസമയം, അടൂർ പ്രകാശ് കലാശക്കൊട്ടിൽ നിന്ന് മാറിനിന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയും യുഡിഎഫിലുണ്ട്. മോഹൻരാജിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഡിസിസിയും അടൂർ പ്രകാശും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. പിന്നീട് കെപിസിസി നേതൃത്വം ഇടപെട്ടാണ് താൽക്കാലിക പരിഹാരം കണ്ടത്. അതിനു പിന്നാലെയാണ് അടൂർ പ്രകാശിന്റെ അസാന്നിധ്യം വാർത്തയായിരിക്കുന്നത്.

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കും. ഇന്ന് നിശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ്. നാളെ രാവിലെ ഏഴ് മുതൽ വോട്ടെടുപ്പ് ആരംഭിക്കും. ഇന്നലെ വൈകീട്ട് കൊട്ടിക്കലാശത്തോടു കൂടിയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. ഒക്ടോബര്‍ 24 നാണ് വോട്ടെണ്ണല്‍.

Read Also: ഡാന്‍സ് കളിച്ചതല്ല, പട്ടം പറപ്പിച്ചതാണ്; വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്തെന്ന് ഒവൈസി

മഞ്ചേശ്വരം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചിടത്തും കലാശക്കൊട്ട് ആവേശകരമായിരുന്നു. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും എന്‍ഡിഎയുടേയും പ്രവര്‍ത്തകരും നേതാക്കളും സ്ഥാനാര്‍ത്ഥികളും കലാശക്കൊട്ട് ആവേശമാക്കി.

ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ പ്രചരണത്തിന്റെ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി. പൊലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കോന്നി ടൗണിലാണ് സംഭവമുണ്ടായത്. അനുവദിച്ചിരുന്ന സ്ഥലം മറികടന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോയത് പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. ഉന്തും തള്ളുമുണ്ടായി. പ്രശ്‌നം പെട്ടെന്നു തന്നെ പരിഹരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.