ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസല്‍ ജലീല്‍ വധശ്രമക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതികളെ സഹായിച്ചതായുള്ള ആരോപണങ്ങളെ തള്ളി എംപിയും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശ്. പാർലമെന്റ് അംഗമായത് മുതൽ നിരവധി ആളുകൾ തന്നെ വിളിക്കാറഉണ്ടെന്നും അവരുടെ ആവശ്യങ്ങള്‍ പറയുകയും മനസ്സിലാക്കുകയും, ന്യായമായ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം, അതല്ലാതെ ഫൈസൽ വധശ്രമവുമായി തനിക്കൊരു ബന്ധവുമില്ലെന്നും ആവർത്തിച്ചു. താൻ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ അടൂർ പ്രകാശിനെതിരായ ശബ്ദ രേഖ ഡിവൈഎഫ്ഐ പുറത്തുവിട്ടിരുന്നു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഷജിത്തിന്റെ ശബ്‌ദരേഖ ഡിവൈഎഫ്‌ഐ പുറത്തുവിട്ടത്. എംപി തന്നെ വിളിച്ചിരുന്നുവെന്നും എംപി തന്നെ എല്ലാം ക്ലിയറാക്കി തന്നു എന്നു പറയുന്ന ശബ്ദരേഖയാണ് ഷജിത്തിന്രേത് എന്ന പേരിൽ പുറത്തുവിട്ടത്.

Also Read: ‘അനൂപിനെ അടുത്തറിയാം, ലഹരി ഇടപാട് അറിയില്ല’; ബിനീഷ് കോടിയേരിയുടെ മറുപടി

അതേസമയം ഒന്നും മറച്ചുവെച്ചു സംസാരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല താന്‍. സത്യങ്ങള്‍ പുറത്തുവരണമെന്നും അടൂർ പ്രകാശ് പറഞ്ഞു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ തനിക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ഒരു മന്ത്രി പറഞ്ഞത്. ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. സത്യങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും കൂട്ടിച്ചേർത്തു.

Also Read: ഫൈസല്‍ വധശ്രമക്കേസിൽ അടൂർ പ്രകാശ് ഇടപെട്ടു; ശബ്‌ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ

‘ഞങ്ങളെ സംശയത്തിന്റെ നിഴലിലാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. സംസ്ഥാന പോലീസിനെ നിയന്ത്രിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരാണ്. കൊലപാതകത്തിന്റ വാസ്തവം പുറത്തുവരണമെങ്കില്‍ പോലീസില്‍ സത്യസന്ധമായ അന്വേഷണം നടക്കണം. ഈ കൊലപാതക രാഷ്ട്രീയത്തിന്റെ പിന്നിലെ രഹസ്യങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ, തന്റേടവും ധൈര്യവും ഉണ്ടെങ്കില്‍ ഈ കേസ് സിബിഐയെ കൊണ്ട് അന്വേഷണം നടത്താന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു.’ അടൂർ പ്രകാശ് പറഞ്ഞു.

Also Read: വെഞ്ഞാറമൂട് കൊലപാതകം: സിപിഎമ്മിന് പിരിവെടുക്കാൻ കിട്ടിയ മറ്റൊരവസരമെന്ന് മുല്ലപ്പള്ളി

വെഞ്ഞാറമൂട് കൊലപാതകം നടന്ന ദിവസം പൊലീസ് സ്റ്റേഷനിൽ ദുരൂഹമായ പല ഇടപെടലുകളും നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉള്‍പ്പെടെയുള്ളവര്‍ അര്‍ധരാത്രി രണ്ടര മണിക്ക് സ്റ്റേഷനില്‍ എത്തിയിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനില്‍ റൂറല്‍ എസ്പിയാണ് ഇന്ന് ഭരണം നടത്തുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പിയുടേതടക്കമുള്ള രാഷ്ട്രീയ ചരിത്രം ഞാനടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ക്കറിയാം. എസ്പിയെ മാറ്റിനിര്‍ത്തി കേസില്‍ സ്വതന്ത്രമായ അന്വേഷണം നടക്കണം. കൊലപാതകത്തെ ഞങ്ങള്‍ ന്യായീകരിക്കില്ല. ആര് തെറ്റ് ചെയ്താലും അവര്‍ക്കെതിരെ നടപടി ഉണ്ടാവണം. പാര്‍ട്ടി ഏതാണെന്ന് നോക്കാതെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ഇടപെടും.” അടൂർ പ്രകാശ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.