കോന്നി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തോൽവിക്ക് കാരണം കോൺഗ്രസ് ജില്ലാ നേതൃത്വമെന്ന് അടൂർ പ്രകാശ് എംപി. ഉപതിരഞ്ഞെടുപ്പ് കാലത്ത് ഡിസിസി നേതൃത്വത്തിന്റെ തെറ്റായ പ്രവർത്തനമാണ് തോൽക്കാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മതവും ജാതിയും മറ്റ ഘടകങ്ങളൊന്നും പരിഗണിക്കാതെയാണ് താന്‍ റോബിന്‍ പീറ്ററുടെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടി മോഹന്‍ രാജിനെ നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ അത് പൂര്‍ണമായി അംഗീകരിച്ചെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

താൻ അഞ്ചു തവണ മത്സരിച്ച് ജയിച്ച മണ്ഡലമാണ് കോന്നി. 806ൽ നിന്ന് ഓരോ തവണയും വർധിപ്പിച്ചാണ് അഞ്ചാം തവണ 20749 വോട്ടിന്റെ ഭൂരിപക്ഷത്തിലെത്തിയതെന്നും അടൂർ പ്രകാശ് പറഞ്ഞു.

“ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ പാർട്ടി എന്നോട് ആവശ്യപ്പെട്ടു. ഇടതുപക്ഷം പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ്. അവിടെ പോയി മത്സരിച്ചു. അപ്രതീക്ഷിതമായി നല്ല ഭൂരിപക്ഷത്തോടെ എനിക്ക് ജയിക്കാനായി. അവിടുത്തെ ജനങ്ങൾ നല്ല ഭൂരിപക്ഷത്തോടെ എന്നെ ജയിപ്പിച്ചുവെന്നത് എന്നും എക്കാലവും ഓർമയിലുണ്ടാകും. അതുകൊണ്ടാണ് കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. കോന്നിയിൽ പാർട്ടിക്കുവേണ്ടി ഞാനൊരു സ്ഥാനാർഥിയെ പറഞ്ഞു. അതിനു ശേഷം പാർട്ടി മറ്റൊരു തീരുമാനം പറഞ്ഞു. പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഞാനത് പൂർണമായി അംഗീകരിച്ചു,” അടൂർ പ്രകാശ് പറഞ്ഞു.

താനെവിടെയും ഒളിച്ചോടിയിട്ടില്ല. അങ്ങനൊരാളല്ല താൻ. ജില്ലാ കോൺഗ്രസ് നേതൃത്വമാണ് തിരഞ്ഞെടുപ്പ് പ്രവർത്തനം ഏറ്റെടുത്ത് മുന്നോട്ടുപോയത്. കോന്നിയിലെ ജനങ്ങൾക്ക് അവരുടെ പ്രവർത്തനം ഉൾക്കൊള്ളാനായിട്ടില്ലെന്ന് കരുതുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ പ്രവർത്തനമാണ് തോൽവിക്ക് കാരണമായത്.

തോല്‍വി സംബന്ധിച്ച് തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പാര്‍ട്ടി ഫോറത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ പറയൂ. കോന്നിയിലെ തോല്‍വി സംബന്ധിച്ച് കെപിസിസി ഗൗരവമായി പഠിക്കുകയും നടപടിയെടുക്കുകയും വേണം. ഇല്ലെങ്കില്‍ പത്തനംതിട്ടയില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ആവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.