സോളാര്‍ പീഡന കേസില്‍ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് എം.പിയെ കുറ്റവിമുക്തനാക്കി സി ബി ഐ. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചു. പരാതിയില്‍ കഴമ്പില്ലെന്നാണ് സി ബി ഐയുടെ അന്തിമ റിപ്പോര്‍ട്ട്. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അടൂര്‍ പ്രകാശിനെതിരായ പരാതി. എന്നാല്‍ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോഴായിരുന്നു പീഡന ആരോപണം. ആരോപണങ്ങള്‍ തെളിവില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് സി ബി ഐ കണ്ടെത്തി. ബംഗളൂരുവില്‍ അടൂര്‍ പ്രകാശ് ഹോട്ടല്‍ റൂം എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. പീഡന കേസില്‍ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡന് എംപിക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.