/indian-express-malayalam/media/media_files/uploads/2017/05/adoor.jpg)
തിരുവനന്തപുരം: ജയ് ശ്രീറാം വിളിക്കുന്നത് കേള്‍ക്കണ്ടെങ്കില്‍ ചന്ദ്രനിലേക്ക് പോകാം എന്ന ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ചന്ദ്രനിലേക്ക് ടിക്കറ്റെടുത്ത് തന്നാല്‍ താന്‍ പോകാമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജയ് ശ്രീറാം വിളിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നു. ഇത് രാജ്യത്തിന് തന്നെ ആപത്താണ്. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇങ്ങനെ പോയാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ക്കൂട്ട കൊലപാതകം രാജ്യത്തിന് ഭൂഷണമല്ല. വീടിന് മുന്നില്‍ ജയ് ശ്രീറാം വിളിക്കാന്‍ ബിജെപിക്കാർ വന്നാല്‍ അവര്‍ക്കൊപ്പം താനും ചേരാം. ജയ് ശ്രീറാം വിളിച്ചുള്ള ആക്രമണങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കത്തില്‍ കേന്ദ്ര സര്‍ക്കാരിനെയോ മറ്റാരെയോ വിമര്‍ശിച്ചിട്ടില്ലെന്നും അടൂര്‍ പറഞ്ഞു.
കേന്ദ്രത്തില്‍ നിന്ന് പുരസ്‌കാരങ്ങളൊന്നും ലഭിക്കാത്തതിനാലാണ് അടൂര്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന ബി.ഗോപാലകൃഷ്ണന്റെ ആരോപണത്തിനും അടൂര്‍ വ്യക്തമായ മറുപടി നല്‍കി. ഒരു സിനിമാ സംവിധായകന്‍ എന്ന നിലയില്‍ ലഭിക്കാവുന്ന എല്ലാ പുരസ്‌കാരങ്ങളും ലഭിച്ചു കഴിഞ്ഞു. നേടാവുന്നതിന്റെ പരാമവധി നേടിയിട്ടുണ്ട്. ഇനിയൊന്നും തനിക്ക് ലഭിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Read Also: ചന്ദ്രനിലേക്കല്ലാതെ മറ്റെങ്ങോട്ട് പോകും, ചൈനയിലും രാമനില്ലേ?: ബി.ഗോപാലകൃഷ്ണന്‍
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലും അടൂരിനെതിരെ ബിജെപി വക്താവ് നടത്തിയ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. ജയ് ശ്രീറാം വിളിക്കാനാണ് ജനങ്ങള്‍ വോട്ട് ചെയ്തത് എന്നൊക്കെ പറയുമ്പോള്‍ തനിക്ക് ലജ്ജ തോന്നുന്നതായി കമല്‍ പറഞ്ഞു. അടൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ചന്ദ്രനിലേക്ക് പോകാനല്ലേ പറഞ്ഞത് അത് തന്നെ നല്ല കാര്യമാണെന്നും കമല്‍ പരിഹാസ രൂപേണ പറഞ്ഞു. സംവിധായകന്‍ എന്ന നിലയില്‍ എല്ലാ അവാര്‍ഡുകളും നേടിയ വ്യക്തിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അദ്ദേഹം കേന്ദ്രത്തില്‍ നിന്ന് എന്തെങ്കിലും ലഭിക്കാത്തതിന്റെ പേരിലാണ് വിമര്‍ശനം നടത്തിയത് എന്നെല്ലാം പറഞ്ഞാല്‍ ജനങ്ങള്‍ അത് വിശ്വസിക്കില്ലെന്നും കമല്‍ പറഞ്ഞു.
Read Also: അടൂരിന് പേര് മാറ്റി ചന്ദ്രനിലേക്ക് പോവാം, ജയ് ശ്രീറാം വിളി മുഴക്കും: ബി.ഗോപാലകൃഷ്ണന്‍
സംവിധായകന്‍ ടി.വി.ചന്ദ്രനും അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്തെത്തി. സാഹിത്യ രംഗത്തുള്ളവരെ ലക്ഷ്യം വച്ച് ഇത്തരം പരാമര്‍ശങ്ങള്‍ പലപ്പോഴായി കേള്‍ക്കുന്നുണ്ട്. സാഹിത്യകാരെ പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കുന്ന രീതിയുണ്ടായിരുന്നു നേരത്തെ. ഇത് അതിന്റെ തുടര്‍ച്ചയാണ്. രാജ്യത്ത് എല്ലായിടത്തും ഇത് സംഭവിക്കുന്നുണ്ട്. ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്നതാണ് ഇതെന്നും ടി.വി.ചന്ദ്രന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.