scorecardresearch
Latest News

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

മുഖ്യമന്ത്രിയുമായി ദീര്‍ഘനേരം സംസാരിച്ചതിനു ശേഷമാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. വാര്‍ത്താസമ്മേളനം വിളിച്ച അടൂര്‍ വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി. വിവാദങ്ങളിലെ അതൃപ്തിയാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്നും ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രിയുമായി ദീര്‍ഘനേരം സംസാരിച്ചശേഷമാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ ആടിനെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയാണ്. മാധ്യമങ്ങള്‍ ഒരുഭാഗം മാത്രം കേട്ടു. സമരാഘോഷങ്ങള്‍ക്കു പിന്നില്‍ ആരെന്ന് അന്വേഷിക്കണം. ഗേറ്റ് കാവല്‍ക്കാരനായ വിദ്വാന് സമരാസൂത്രണത്തില്‍ പങ്കുണ്ട്. പി ആര്‍ ഒ അടക്കം ചില ജീവനക്കാരും ഒളിപ്രവര്‍ത്തനം നടത്തിയെന്നും അടൂര്‍ ആരോപിച്ചു.

നാശത്തിന്റെ വക്കിൽ നിന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധാരണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ചതാക്കുന്നതിനും വേണ്ടി ആത്മാർത്ഥമായിത്തന്നെ പരിശ്രമിച്ച മൂന്നുകൊല്ലമാണ് കടന്നുപോയത്. ദളിത് വിരോധവും ജാതി വിവേചനവുമാണ് സമര കാരണമായി വിദ്യാർത്ഥികൾ പറഞ്ഞത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ദളിത് ശുചീകരണത്തൊഴിലാളികളെ അടിമപ്പണി ചെയ്യിച്ചിരുന്നു എന്നാണ് ഒരാരോപണം. എന്റെ അന്വേഷണത്തിൽ ഇത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു.  ശങ്കർ മോഹൻ എന്നോടൊപ്പം അഹോരാത്രം പണിയെടുത്ത ഒരു വ്യക്തിയാണ്. ചലച്ചിത്ര മേഖലയേക്കുറിച്ച് അദ്ദേഹത്തോളം അറിവോ പ്രവർത്തനപരിചയമോ ഉള്ള മറ്റൊരു വ്യക്തി ഇന്ത്യയിലില്ല. അങ്ങനെ ഒരാളെയാണ് നമ്മൾ ക്ഷണിച്ചുവരുത്തി അടിസ്ഥാനരഹിതമായ ദുരാരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോപണങ്ങളും നടത്തി അപമാനിച്ച് പടികടത്തി വിട്ടതെന്ന് അടൂർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ഗിരീഷ് കാസറവള്ളി രാജിവച്ചത്. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയോട് അനുഭാവം പ്രകടിപ്പിച്ച് 11 പേരാണ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഉന്നതസ്ഥാനങ്ങള്‍ രാജിവച്ചത്.

മാര്‍ച്ച് 31 വരെയാണു ചെയര്‍മാനെന്ന നിലയില്‍ അടൂരിന്റെ കാലാവധി. ഡയറക്ടര്‍ സ്ഥാനത്തുനിന്നു ശങ്കര്‍മോഹന്‍ രാജിവച്ചതിന് പിന്നാലെ അടൂരിന്റെ രാജി ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം അടൂര്‍ സ്ഥാനത്ത് തുടരണമെന്നായിരുന്നു സര്‍ക്കാരിന്റെ അഭിപ്രായം.

ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചന വിവാദങ്ങൾക്കിടെയാണു ശങ്കർ മോഹൻ രാജിവച്ചത്. ജാതിവിവേചനം സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപായിരുന്നു രാജി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Adoor gopalakrishnan has resigned as chairman of kr narayanan film institute