പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കാര്‍ കനാലിലേക്കു മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു. കൊല്ലം ആയൂര്‍ സ്വദേശികളായ ശ്രീജ (45), ശകുന്തള (51), ഇന്ദിര (57) എന്നിവരാണ് മരിച്ചത്.
കരുവറ്റ പള്ളിക്കു സമീപം ഉച്ചയ്ക്കു രണ്ടരയോടെയാണ് അപകടമുണ്ടായത്. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. പിന്നീട് പുറത്തെടുത്ത മൂന്നുപേരാണ് മരിച്ചത്.
വിവാഹവസ്ത്രങ്ങള്‍ നല്‍കാന്‍ ആയൂര്‍ അമ്പലമുക്കില്‍നിന്ന് ഹരിപ്പാടേക്കു പോയവരാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ കനാലിലൂടെ ഒഴുകി പാലത്തിനടിയില്‍ കുടങ്ങി. ഇതുമൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു.
രക്ഷപ്പെടുത്തിയ ശരത് (35), ശ്രീജ (45), അശ്വതി (27), അലന്‍ (14) എന്നിരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായാണ് അറിയുന്നത്.
ഇവരെ സംഭവം നടന്നയുടന്‍ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ശരത്താണ് കാര്‍ ഓടിച്ചിരുന്നത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
Also Read: ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം