പാലക്കാട്: അട്ടപ്പാടി മുക്കാലിയില്‍ ആള്‍കൂട്ടത്തിന്‍റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവായ മധു മരിച്ചതില്‍ പ്രതിഷേധിച്ച് നടന്ന പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനെത്തിയ സ്ഥലം എംഎല്‍എയെ പ്രതിഷേധക്കാര്‍ ഇറക്കിവിട്ടു. സ്ഥലം എംഎല്‍എ എന്‍ ഷംസുദ്ദീനെയാണ് ആദിവാസി ജനരോഷമറിഞ്ഞത്.

സമരപന്തലില്‍ എത്തിയ എംഎല്‍എ പ്രതിഷേധക്കാരുമായി സമന്വയത്തില്‍ എത്തിച്ചേരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി സമരക്കാരോടൊപ്പം ഇരുന്ന എംഎല്‍എയോട് “എണീറ്റ് പോടാ.മര്യാദക്ക് പോയ്ക്കോ..ഞങ്ങൾക്ക് ഒരു പാർട്ടിക്കാരെയും വേണ്ട” എന്നായിരുന്നു പ്രതിഷേധക്കാര്‍ പറഞ്ഞത്.

മധുവിനെ മര്‍ദ്ദിച്ചു കൊന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ തണുത്ത സമീപനമാണ് പൊലീസിന്‍റെത് എന്നാരോപിച്ച് കൊണ്ടായിരുന്നു പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ മധുവിന്‍റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് തടയുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ട എന്ന് ആവശ്യപ്പെടുകയും ചെയ്തു.

വിവിധ ആദിവാസി- ദലിത് സംഘടനകളാണ് അട്ടപ്പാടിയില്‍ സമരം ചെയ്യുന്നത്. ഗതാഗതം തടഞ്ഞുവച്ചുകൊണ്ടുള്ള സമരത്തിലേക്ക് വരെ ഇവര്‍ പ്രവേശിച്ചിട്ടുണ്ട്. വൈകിട്ടോട് കൂടി ബിഎസ്പിയുടെ നേത്രുത്വത്തിലും അട്ടപ്പാടിയില്‍ പ്രതിഷേധം അരങ്ങേറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ