scorecardresearch
Latest News

പ്രബുദ്ധതയുടെ കൊട്ടിഘോഷിക്കലുകൾ നമുക്ക് അവസാനിപ്പിക്കാം: മന്ത്രി തോമസ് ഐസക്ക്

മധുവിന്റെ മരണത്തിന് ഉത്തരവാദികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. ഒരു ദയയും അക്കൂട്ടർ അർഹിക്കുന്നില്ല. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവർക്കു ലഭിക്കണമെന്നും ധനമന്ത്രി

പ്രബുദ്ധതയുടെ കൊട്ടിഘോഷിക്കലുകൾ നമുക്ക് അവസാനിപ്പിക്കാം: മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസിയുവാവിനെ ആൾക്കുട്ടം കൊലപ്പെടുത്തിയ സംഭവം നമ്മുടെ വികസനത്തിന്റെ പരാജയത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വ്യക്തമാക്കി ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ കുറിപ്പ്. സംസ്ഥാന  ആസൂത്രണബോർഡ് മുൻ അംഗവും രണ്ടാം തവണ ധനമന്ത്രിയും ആകുന്ന തോമസ് ഐസക്കാണ് കേരളത്തിലെ പരാജയപ്പെട്ട വികസനത്തിന്റെ അവസ്ഥയെ കുറിച്ച് വ്യക്തമാക്കുന്നത്. ഇതിന് പുറമെ മലയാളിയുടെ കൊട്ടിഘോഷിക്കലുകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു. അട്ടപ്പാടിയിൽ​ ആൾക്കൂട്ടം നടത്തിയ ഈ കൊലപാതകം കേരളത്തിന്റെ മാതൃകാ ശ്രമങ്ങളുടെ അടിവേര് മാന്തുന്ന ക്രൂരതയാണെന്നും ഐസക്ക് അപലപിക്കുന്നു.

ഡോ. തോമസ് ഐസക്ക് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

മധുവിന്റെ കണ്ണുകളിലെ നിസഹായതയും നിർദ്ദയരായ ആ ആൾക്കൂട്ടവും കേരളത്തെ ഏറെക്കാലം വേട്ടയാടും. പ്രബുദ്ധതയുടെയും രാഷ്ട്രീയസാക്ഷരതയുടെയും കൊട്ടിഘോഷിക്കലുകൾ നമുക്ക് അവസാനിപ്പിക്കാം. വിശന്നു വലഞ്ഞ ഒരു മനുഷ്യനെ തല്ലിക്കൊല്ലാൻ ഒരു മടിയുമില്ലാത്ത, ആ നിമിഷങ്ങൾ സെൽഫിയെടുത്തുല്ലസിക്കുന്ന സഹജീവികൾ അപകടകരമായ സൂചനയാണ്. ഇരുകൈകളും വരിഞ്ഞുകെട്ടിയ നിലയിൽ ദയനീയമായി നിൽക്കുന്ന മധുവിന്റെ ചിത്രം രോഷവും സങ്കടവും ആത്മനിന്ദയും ഇച്ഛാഭംഗവുമാണ് സൃഷ്ടിക്കുന്നത്.  ഒരുവശത്ത് മനുഷ്യാന്തസിനെ വിലമതിക്കുന്ന പ്രബുദ്ധമായൊരു ജനതയെന്ന നിലയിൽ ലോകത്തിനു മാതൃകയാകാൻ കേരളം നടത്തുന്ന ശ്രമങ്ങൾ. ആ പ്രവർത്തനങ്ങളുടെ അടിവേരു മാന്തുന്ന ഇത്തരം കൊടുംക്രൂരതകൾ മറുവശത്ത്. ആസൂത്രണത്തിന്റെ എല്ലാ തലത്തിലും ആദിവാസി വിഭാഗങ്ങൾ അവഗണിക്കപ്പെടുന്നവെന്ന വസ്തുതയും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

അട്ടപ്പാടിയിലെ ഈ ക്രൂരത യാദൃശ്ചികമല്ല. സ്വാതന്ത്ര്യാനന്തരകാലത്ത് അവിടെ നടന്ന വികസനപ്രക്രിയയുടെ അനിവാര്യഫലം കൂടിയാണ് ഈ കൊടുംക്രൂരത. വികസന സാഹിത്യത്തിൽ അവികസനത്തിന്റെ വികസനം (Development of under development) എന്നൊരു പരികൽപ്പന ആന്ദ്രെ ഗുന്തർ ഫ്രാങ്കിനെപ്പോലുള്ള ലത്തീൻ അമേരിക്കൻ പണ്ഡിതൻമാർ എഴുപതുകളിൽ ഉയർത്തുകയുണ്ടായി. ഇതിന്റെ ഏറ്റവും നല്ല കേരളീയ ഉദാഹരണമാണ് അട്ടപ്പാടി. ആസൂത്രണത്തിന് തുടക്കം മുതൽ എത്രയോ നൂറുകണക്കിന് കോടി രൂപ കേരളത്തിലെ ഈ ഏക ഐടിഡിപി ബ്ലോക്കിൽ ചെലവഴിച്ചിട്ടുണ്ട്. ഫലം കുടിയേറ്റക്കാരുടെ വികസനവും ആദിവാസികളുടെ അവികസനവുമായിരുന്നു. അവരുടെ ഭൂമിയും കാടും നഷ്ടപ്പെട്ടു. തൊഴിൽ ഇല്ലാതായി. ഇന്നത്തെ മധുവിന്റെ അവസ്ഥയിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെട്ടു. ഇതു വികസനത്തിന്റെ വിശാലമായ ചില പ്രശ്നങ്ങൾ. ഇന്നു നമ്മുടെ ശ്രദ്ധ മധുവിന്റെ നേരെയുള്ള കൊടുംക്രൂരതയിലേയ്ക്ക് തിരിയേണ്ടതുണ്ട്.

മധുവിന്റെ മരണത്തിന് ഉത്തരവാദികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. പ്രിവൻഷൻഓഫ് എസ് എസി/ എസ് ടി അട്രോസിറ്റീസ് ആക്ട് അനുസരിച്ച് ജാമ്യമില്ലാ കേസ് എടുക്കണം. ഒരു ദയയും അക്കൂട്ടർ അർഹിക്കുന്നില്ല. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവർക്കു ലഭിക്കണം. അതിനുള്ള നടപടികൾ പൊലീസിന്റെയും മറ്റുദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുണ്ടാകണം.

അതോടൊപ്പം ആദിവാസി മേഖലയിൽ നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളിലേയ്ക്കു കൂടിയാണ് ഈ സംഭവം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. പ്രതിസന്ധി എന്തെന്ന് സാമാന്യമായി അറിയാം. എന്നാൽ പ്രശ്നം നടപ്പാക്കുന്നതിലാണ്. കേരളത്തിലെ അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ ഏറ്റവും നിരാശകരമായ അനുഭവം ആദിവാസി പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല എന്നുളളതാണ്. കീഴ്ത്തല ആസൂത്രണത്തിലും അവർ അവഗണിക്കപ്പെടുന്നു എന്ന തിരിച്ചറിവാണ് ഊരുകൂട്ടത്തിന് ആദിവാസി വികസന ഫണ്ടിന്റെ പൂർണ്ണ നിയന്ത്രണാവകാശം നൽകിക്കൊണ്ടുള്ള ചട്ടങ്ങൾക്കു രൂപം നൽകിയത്. എന്നാൽ ഇതും ഫലപ്രദമായിട്ടില്ല. ഇവിടെയാണ് നാം ഇപ്പോൾ നിൽക്കുന്നത്. ഊരുകൂട്ടങ്ങളെ ശാക്തീകരിക്കുന്നതിലാണ് പരിഹാരം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Adivasi youth murder thomas issac facebook post