തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് കേരളീയ സമൂഹത്തിനാകെ അപമാനകരമാണ്. കേരളത്തില്‍ നിയമവാഴ്ച പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ജനക്കൂട്ടം നിയമം കൈയ്യിലെടുക്കുന്നതും ശിക്ഷിക്കുന്നതും നിയമവാഴ്ചയുടെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്ന അവസ്ഥയാണ്. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കേട്ടു കേള്‍വിയുള്ള പൈശാചികതയാണ് ഇപ്പോള്‍ കേരളത്തില്‍ നടമാടുന്നത്. പൊലീസ് സംവിധാനം പൂര്‍ണ്ണമായും നോക്കുകുത്തിയായി തീര്‍ന്നിരിക്കുകയാണ്. ഇത് ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല. മധുവിന്റെ കൊലയ്ക്ക് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ ആദിവാസികള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ താന്‍ നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും അതിനൊന്നും യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.