അഗളി: അട്ടപ്പാടി മുക്കാലിയിൽ മർദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റെ മരണ മൊഴി പുറത്ത്. കാട്ടില്‍നിന്നു നാട്ടുകാര്‍ തന്നെ പിടിച്ചുകൊണ്ടുവരികയായിരുന്നു. ജീപ്പിൽ കയറ്റിയവർ കള്ളനെന്നു പറഞ്ഞാണ് അടിക്കുകയും ചവിട്ടുകയും ചെയ്തത്. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ചിലര്‍ തന്റെ മൂക്കിലേക്കാണ് വെള്ളം ഒഴിച്ചതെന്ന് മധു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിലാണ് (എഫ്ഐആർ) മധുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മധു മരിച്ചതായും എഫ്ഐആറിലുണ്ട്.

കാട്ടിൽനിന്നു തന്നെ പിടികൂടിയവരുടെ പേരും മരിക്കുന്നതിനു മുൻപായി മധു പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഹുസൈൻ, മത്തച്ചൻ, മനു, അബ്ദുൾ റഹ്മാൻ, അബ്ദുൾ ലത്തീഫ്, അബ്ദുൾ കരീം, എ.പി.ഉമ്മർ എന്നിവരുടെ പേരാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഹുസൈനും കരീമും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

അതിനിടെ, മധുവിനെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മധുവിനെ കൊന്നവരെ ഉടൻ പിടികൂടണം എന്നാവശ്യപ്പെട്ട് ആദിവാസികൾ റോഡ് ഉപരോധിച്ചു. കൊലപാതകത്തിന് ഉത്തരവാദികളായവരെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം.

അതിനിടെ, മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലൻസ് നാട്ടുകാർ തടഞ്ഞു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം പോസ്റ്റമാർട്ടം ചെയ്യാൻ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ വാഹനം തടഞ്ഞത്. ഒടുവിൽ പ്രതികളെ പിടികൂടുമെന്ന പൊലീസിന്റെ ഉറപ്പിന്മേലാണ് പോസ്റ്റ്മാർട്ടത്തിനായി മൃതദേഹം വിട്ടു നൽകിയത്. തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കാണ് മധുവിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയത്. പോസ്റ്റ്മോർട്ടം നാളത്തേക്ക് മാറ്റിയിട്ടുണ്ട്.

ആദിവാസികൾ റോഡ് ഉപരോധിക്കുന്നു

മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുക്കാലിയിലെ കടയുടമ കെ.ഹുസൈന്‍, മര്‍ദനസംഘത്തിലുണ്ടായിരുന്ന പി.പി.കരിം എന്നിവരാണ് അറസ്റ്റിലായത്. എട്ടു പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അട്ടപ്പാടി കടുക് മണ്ണ ആദിവാസി ഊരിലെ മധു (27) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. പ്രദേശത്തെ കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്‌വരയിൽ നിന്നാണ് നാട്ടുകാർ മധുവിനെ പിടികൂടിയത്. പിടികൂടിയതിന് പിന്നാലെ മർദ്ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് ശരീരത്തിൽ കെട്ടിയായിരുന്നു മർദ്ദനം.

മധു കൊല്ലപ്പെട്ട സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു .മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി അഗളി, എന്നിവരോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായി. കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് അഞ്ചിന് കമ്മീഷന്‍ ആസ്ഥാനത്ത് നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ