കൊച്ചി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഹൈക്കോടതി ജഡ്ജി സുരേന്ദ്ര മോഹൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തത്. സംഭവം അതീവ ഗുരുതരമുളളതാണെന്നും കോടതി ഇടപെടണം എന്നുമായിരുന്നു ജഡ്ജി സുരേന്ദ്ര മോഹന്റെ കത്ത്.

മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ സർക്കാർ മറുപടി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാമെന്ന് സ്റ്റേറ്റ് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

മധു കൊല്ലപ്പെട്ട സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

അട്ടപ്പാടി കടുക് മണ്ണ ആദിവാസി ഊരിലെ മധു (27) ആണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. പ്രദേശത്തെ കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്‌വരയിൽ നിന്നാണ് നാട്ടുകാർ മധുവിനെ പിടികൂടിയത്. പിടികൂടിയതിന് പിന്നാലെ മർദ്ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് ശരീരത്തിൽ കെട്ടിയായിരുന്നു മർദ്ദനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.