തൊടുപുഴ: ഇടുക്കി ജില്ലയിലെ വിവിധ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അതിജീവന പോരാട്ട വേദിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ നടത്തുന്ന ദേശീയ പാത ഉപരോധത്തില്‍ കൊച്ചി-ധനുഷ്‌കോടി, അടിമാലി-കുമളി ദേശീയ പാതകളിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് സമരം.

മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ പരിധിയിലുള്ള വില്ലേജുകളായ കെഡിഎച്ച്, പള്ളിവാസല്‍, ആനവിരട്ടി, വെള്ളത്തൂവല്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തപാറ, ആനവിലാസം എന്നിവിടങ്ങളില്‍ പട്ടയഭൂമിയില്‍ വീടു നിര്‍മാണം ഉള്‍പ്പടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും, മരം മുറിക്കാന്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചെന്നു പറയുമ്പോഴും ഇതൊന്നും പ്രാബല്യത്തിലായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന അതിജീവന പോരാട്ട വേദിയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. ചിന്നക്കനാല്‍ -ആനയിറങ്കല്‍ മേഖലയിലെ അക്രമകാരികളായ കാട്ടാനകളെ പിടികൂടി മറ്റു സ്ഥലങ്ങളിലേക്കു മാറ്റണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.

സമരത്തിനിടെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ആല്‍വിന്‍ തോമസ്, ക്യാമറാമാന്‍ വില്‍സണ്‍, ഡ്രൈവര്‍ അഭിജിത്ത് എന്നിവരെ ഒരു സംഘമാളുകള്‍ മര്‍ദിച്ചു. മാധ്യമങ്ങള്‍ മൂന്നാറിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു മര്‍ദനം. പരുക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, മരം മുറിക്കലും വീടുകളുടെ എന്‍ഒസി നൽകലും ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സർക്കാര്‍ നിലവില്‍ ഉത്തരവ് ഇറക്കിയിട്ടുള്ളതാണെന്നും അതുകൊണ്ടുതന്നെ സമരം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണെന്നുമാണ് സിപിഎമ്മിന്റെ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ