തലശേരി: അറക്കൽ രാജവംശത്തിന്റെ നാൽപതാമത് അധികാരിയായി സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബിക്കുഞ്ഞി ബീവി സ്ഥാനമേറ്റു. അറക്കല്‍ സുല്‍ത്താനായിരുന്ന ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചതിനെ തുടര്‍ന്നാണ് ചെറിയ ബിക്കുഞ്ഞി ബീവി ചുമതലയേറ്റത്.

നിലവിളക്ക് സാക്ഷിയായി ആചാര വാളും അറയ്ക്കൽ രേഖകളും പണ്ടാര വസ്തുക്കളുടെ താക്കോൽ കൂട്ടങ്ങളും ചെറിയ ബിക്കുഞ്ഞി ബീവിക്ക് കൈമാറി. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളും മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ, സിപിഎം നേതാവ് പി.ജയരാജൻ തുടങ്ങിയവരും അധികാര കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.

മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി വിരമിച്ച മർഹൂം എ.പി.ആലിപ്പിയാണ് സുൽത്താൻ ആദിരാജ മറിയുമ്മയുടെ ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ ആദിരാജ നസീമ, ആദിരാജ റഹീന എന്നിവരാണ് മക്കൾ.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

കണ്ണൂർ സിറ്റി ജുമുഅത്ത് പള്ളി ഉൾപ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറയ്ക്കൽ സുൽത്താൻ എന്ന നിലയിൽ ബീവിയിൽ നിക്ഷിപ്‌തമായിട്ടുള്ളത്. അറക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് അറയ്ക്കൽ സുൽത്താൻ. കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറക്കല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.