തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. സാമ്പത്തിക ലേലത്തിൽ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയർന്ന തുക നിർദേശിച്ചത്. കേരള സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് ലേലത്തിൽ രണ്ടാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.
തിരുവനന്തപുരം ഉൾപ്പടെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനിക്ക് തന്നെ ലഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി തന്നെയാണ് മുന്നിൽ. രേഖകളുടെ പരിശോധനക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയായിരിക്കും. മംഗലാപുരത്തിനായി ബിഡിൽ പങ്കെടുത്ത സിയാൽ രണ്ടാം സ്ഥാനത്താണ്.
വിമാനത്താവളത്തിനായും അദാനി പണം ഇറക്കിയത് കേരള സർക്കാരിന് തിരിച്ചടിയായി. തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാമത് എത്തിയ കെഎസ്ഐഡിസിയേക്കാൾ വലിയ തുകയാണ് അദാനി മുന്നിൽ വച്ചിരിക്കുന്നത്. അതോടെ കേന്ദ്ര സർക്കാർ അനുവദിച്ച റൈറ്റ് ഓഫ് റെഫ്യൂസൽ ആനുകൂല്യവും കേരളത്തിന് ഗുണകരമാകില്ല. പത്ത് ശതമാനം മാത്രമാണ് കൂടുതലെങ്കിൽ രണ്ടാമതുള്ള കെഎസ്ഐഡിസിക്ക് കരാർ കിട്ടുന്ന രീതിയിലായിരുന്നു കേന്ദ്ര ഇളവ് അനുവദിച്ചിരുന്നത്.
വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ പ്രതിഷേധം ശക്തമാണ്. എയർപോർട്ട് അതോറിറ്റി എംപ്ലോയിസ് യൂണിയനും സമരരംഗത്തുണ്ട്.