കൊല്ലം: ഡിജിപി ആയി വിരമിച്ച ടി.പി.സെൻകുമാർ ഉയർത്തിയ ആരോപണങ്ങൾക്ക് പരോക്ഷമായി രൂക്ഷമായ മറുപടി നൽകി എഡിജിപി ടോമിൻ ജെ തച്ചങ്കരി. “ഞാൻ മാത്രം ശരിയെന്നും, ബാക്കിയെല്ലാവരും തെറ്റെന്നും കരുതുന്നവർക്ക് മനോരോഗമാണെന്ന്” അദ്ദേഹം പറഞ്ഞു. കൊല്ലത്ത് പൊലീസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബദ്ധനെ പരാമർശിച്ച്, തനിക്കെതിരായ ചീത്ത വിളികൾ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “പൊലീസിന് മറ്റേത് വകുപ്പിനേക്കാൾ കൂടുതൽ അധികാരമുണ്ട്. അത് സ്വന്തം സുഖത്തിനും അധികാരത്തിനും വേണ്ടിയല്ല, ജനനന്മയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. ഒരു കാര്യം കാണുമ്പോൾ ബാലൻസ് ചെയ്ത് കാണാൻ സാധിക്കാത്തത് മനോരോഗമാണ്. ഞാൻ മാത്രം ശരിയെന്നും ബാക്കിയെല്ലാവരും തെറ്റെന്നും കരുതരുത്” തച്ചങ്കരി പറഞ്ഞു.

“എല്ലാ സംവിധാനത്തിലും കുഴപ്പങ്ങളുണ്ട്. കുടുംബങ്ങളിൽ പോലും പ്രശ്നങ്ങൾ ഉണ്ട്. സർക്കാർ ഉദ്ദേശിക്കുന്നത് പ്രശ്നങ്ങളില്ലാതെ ബാലൻസ്ഡ് ആയി പെരുമാറുന്ന ഉദ്യോഗസ്ഥൻ വരണമെന്നാണ്.” അദ്ദേഹം പറഞ്ഞു. ആർക്കെങ്കിലും ഒരു ഉപദ്രവമുണ്ടായാൽ കൈയ്യടിക്കുന്നതാണ് മലയാളിയുടെ ശീലം. “എല്ലാ മുതലാളിയും മോശക്കാരനും എല്ലാ തൊഴിലാളിയും നല്ലവനുമാണെന്ന് മലയാളികളുടെ വിശ്വാസം. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും നല്ലതും എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങളും മോശവും. ഈ ചിന്താഗതി കുഴപ്പമാണ്.”

“പൊലീസുകാരുടെ അധികാരം വ്യക്തിപരമല്ല. ഇരിക്കുന്ന കസേരയുടെ അധികാരമാണത്. ആ കസേരയുടെ മാന്യതയാണ്. പൊലീസ് സേന ഒരു സ്ഥാപനമാണ്. അതിൽ വ്യക്തികൾ വരും പോകും. കസേരയിൽ ഇരിക്കുന്നവർ നമുക്ക് ശേഷം ഭൂകമ്പം എന്ന് കരുതരുത്.”

“മാനസികമായ സന്തുലിതാവസ്ഥ ഇവിടെ ആവശ്യമാണ്. ഓരോ പ്രവർത്തനങ്ങളും ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. ഗാലറിക്ക് വേണ്ടി ഫൗൾ വിളിക്കുന്ന റഫറിയാകരുത്. പത്രങ്ങളിൽ പേര് വരാനുള്ള മാർഗ്ഗമായി സ്വന്തം കസേര ഉപയോഗിക്കരുത്. സന്തുലിതമായ പൊലീസിംഗ് വേണം. പൊലീസ് മേധാവിയും പൊലീസ് കോൺസ്റ്റബിളും ഒരേ പോലെ സന്തുലിതമായി പെരുമാറണം.” തച്ചങ്കരി പറഞ്ഞു.

“പൊലീസ് സേനയിൽ നിശ്ചിത ശതമാനം പേർ കുറ്റവാളികളാണെന്ന് കരുതരുത്. ഈ നിലയ്ക്ക് കാര്യങ്ങൾ അവതരിപ്പിക്കുന്നത് എങ്ങിനെയാണെന്ന് അറിയില്ല. ഇത് പൊലീസ് സേനയുടെ വിശ്വാസ്യത തകർക്കാനേ സഹായിക്കൂ. വിരമിച്ചതിന് ശേഷം എല്ലാവരെയും ആക്രമിക്കുന്നതിലും കുറ്റപ്പെടുത്തുന്നതിലും സന്തോഷം കണ്ടെത്തുന്ന ആളുകളാണ് ഇപ്പോൾ” എന്നും തച്ചങ്കരി മറുപടി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ