കണ്ണൂർ: പൊലീസിനെ ജനപ്രതിനിധികളും ജഡ്ജിമാരും ദാസ്യപ്പണി ചെയ്യിക്കുന്നെന്ന ഗുരുതര ആരോപണവുമായി എഡിജിപി ടോമിൻ ജെ തച്ചങ്കരി രംഗത്ത്. പൊലീസുകാരെ തതങ്ങളുടെ സുരക്ഷ ഓഫീസറായി കൂടെ നിർത്തുന്നത് ഉയർന്ന ജീവിത നിലവാരം കാണിക്കാനാണെന്നാണ് എഡിജിപി തുറന്നടിച്ചത്. തിരുവനന്തപുരത്ത് പൊലീസ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികൾക്കും മേലുദ്യോഗസ്ഥർക്കും പഴ്സനൽ സെക്യൂരിറ്റി ഓഫിസറായി പൊലീസുകാരെ ഉപയോഗിക്കുന്നത് മൂലം സർക്കാരിനു കോടികൾ നഷ്ടമാകുന്നുവെന്ന് ടോമിൻ തച്ചങ്കരി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പൊലീസുകാരെ സുരക്ഷയ്ക്കായി ഒപ്പം നിർത്തിയിട്ട് ആരും ഇന്നേവരെ രക്ഷപ്പെട്ടിട്ടില്ലെന്ന കാര്യവും എഡിജിപി തുറന്നുപറഞ്ഞു.
രാഷ്ട്രീയ നേതാക്കളെ ഉന്നംവച്ച് കടുത്ത ആക്രമണമാണ് എഡിജിപി നടത്തിയത്. “സ്വന്തം മണ്ഡലത്തിൽ പോകുന്നതിന് പോലും ജനപ്രതിനിധികൾ പൊലീസുകാരെ അകമ്പടിക്ക് വിളിക്കുകയാണ്. സ്വന്തം മണ്ഡലത്തിൽ പോലും സുരക്ഷയില്ലാത്തവരാണോ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നത്”എന്നും തച്ചങ്കരി ചോദിച്ചു.
“സുരക്ഷയ്ക്കാണെന്ന പേരിലാണ് ചിലർ പൊലീസിനെ കൂടെ കൂട്ടുന്നത്. ഇത് ഉയർന്ന ജീവിത നിലവാരമായാണ് ചിലർ കാണുന്നത്. പൊലീസ് സേനയെ ദുരുപയോഗം ചെയ്യുകയാണ് ഇവരൊക്കെ. ഇത്തരം നടപടികൾ സർകക്കാരിന് സാമ്പത്തിക ബാധ്യതയ്ക്ക് പുറമേ വലിയ വെല്ലുവിളിയുമാണ്. സ്വീകാര്യമല്ലാത്ത കാര്യങ്ങൾ പൊലീസുകാർ തുറന്നുപറയണമെന്നും” ടോമിൻ ജെ തച്ചങ്കരി കൂട്ടിച്ചേർത്തു.