Latest News

എഡിജിപി നിതിൻ അഗർവാളിന്റെ വീട്ടിലും അടിമപ്പണി; പൊലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിച്ചു

ഡോഗ് സ്ക്വാഡിലെ പൊലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിച്ചു

തിരുവനന്തപുരം: എഡിജിപി നിതിൻ അഗർവാളിന്റെ വീട്ടിലും പൊലീസുകാർക്ക് അടിമപ്പണി. ഡോഗ് സ്ക്വാഡിലെ പൊലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിച്ചു. ബറ്റാലിയൻ എഡിജിപി ആയിരുന്നപ്പോഴാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ ചാലനുകൾ പുറത്തുവിട്ടു. എഡിജിപി സുദേഷ് കുമാർ പൊലീസുകാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിച്ചുവെന്നത് വിവാദമായതിനുപിന്നാലെയാണ് പുതിയ സംഭവം.

അതേസമയം പട്ടിയെ കുളിപ്പിക്കുന്നതായി പുറത്തുവന്ന വീഡിയോ ദൃശ്യത്തിൽ കാക്കി പാന്റ്സും വെളുത്ത ഷർട്ടും ധരിച്ച പുരുഷൻ മുറ്റം തൂക്കുന്നുണ്ട്. വലിയ ചൂല് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇദ്ദേഹം പൊലീസുദ്യോഗസ്ഥനാണോയെന്ന് വ്യക്തമായിട്ടില്ല.

എഡിജിപി സുദേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ നടപടിയെടുത്തിരുന്നു. ആംഡ് പൊലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്നും സുദേഷ് കുമാറിനെ മാറ്റി. എഡിജിപി ആനന്ദകൃഷ്‌ണന് പകരം ചുമതല നൽകി. അതേസമയം, സുദേഷ് കുമാറിന് പുതിയ നിയമനം നൽകിയിട്ടില്ല. പൊലീസിലെ മറ്റേതെങ്കിലും തസ്‌തികയിലേക്കോ അതല്ലെങ്കിൽ പൊലീസിനു പുറത്ത് ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തേക്കോ ആയിരിക്കും അദ്ദേഹത്തെ നിയമിക്കുകയെന്നാണ് വിവരം.


(കടപ്പാട്: മീഡിയ വൺ)

സുദേഷ് കുമാറും കുടുംബവും പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ ഗവാസ്‌കർ എഡിജിപിയുടെ മകൾ മർദ്ദിച്ചതായി പരാതി നൽകിയതോടെയാണ് ദാസ്യപ്പണിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ ഗവാസ്കർ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുന്ന സമയത്ത് വാഹനത്തിലിരുന്ന് മകൾ സ്‌നിഗ്‌ദ അസഭ്യം പറഞ്ഞു. ഇതിനെ എതിർത്തതോടെ എഡിജിപിയുടെ മകൾ മൊബൈൽ ഫോണുപയോഗിച്ച് കഴുത്തിന് പുറകിലിടിച്ചെന്നാണ് ഗവാസ്കർ പരാതി നൽകിയത്.

എഡിജിപിയുടെ വീട്ടിൽ നടക്കുന്നത് നഗ്നമായ മനുഷ്യത്വ ലംഘനമാണെന്നും ഗവാസ്കർ ആരോപിച്ചിരുന്നു. പട്ടിയെ പരിശീലിപ്പിക്കാൻ വിസമ്മതിച്ച പൊലീസുകാരനെ കാസർകോടിലേക്ക് സ്ഥലം മാറ്റി. മകളെ നോക്കി ചിരിച്ചതിന് അഞ്ചു പൊലീസുകാരെ നല്ല നടപ്പിന് അയച്ചു. തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും ഗവാസ്‌കർ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Adgp nitin aggarwal kerala police

The moderation of comments is automated and not cleared manually by malayalam.indianexpress.com