കൊച്ചി: പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ എഡിജിപിയുടെ മകൾക്ക് തിരിച്ചടി. എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തെ ഏതു പൗരനും തുല്യമാണ് എഡിജിപിയുടെ മകളുമെന്ന് കോടതി അറിയിച്ചു. ഹർജിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജി പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്‌ചത്തേക്ക് മാറ്റി.

ഡ്രൈവറെ മർദ്ദിച്ച കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് എഡിജിപി സുദേഷ് കുമാറിന്റെ മകൾ ഹൈക്കോടതിയെ സമീപിച്ചത്. നിരപരാധിയാണെന്നും ഇരയായ തന്നെയാണ് കേസിൽ പ്രതിയാക്കിയിരിക്കുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

ജൂൺ 14 നാണ് എഡിജിപിയുടെ മകൾ മർദ്ദിച്ചുവെന്നു ചൂണ്ടിക്കാട്ടി പൊലീസ് ഗവാസ്‌കർ പൊലീസിൽ പരാതി നൽകിയത്. കനകക്കുന്നിൽ പ്രഭാത നടത്തത്തിനായി എ‍ഡിജിപിയുടെ ഭാര്യയെയും മകളെയും കൊണ്ടുപോയി. അവിടെവച്ച് മകൾ മർദിച്ചുവെന്നുമാണ് ഗവാസ്കറുടെ പരാതി. മര്‍ദ്ദനത്തില്‍ ഗവാസ്കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് പരുക്കേറ്റുവെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിരുന്നു.

ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ സംഭവത്തിൽ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് എസ്‌പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ