തിരുവനന്തപുരം: എഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി. ബറ്റാലിയൻ എഡിജിപി സുദേഷ് കുമാറിന്റെ മകൾക്കെതിരെയാണ് ഡ്രൈവർ ഗവാസ്‌കർ പൊലീസിൽ പരാതി നൽകിയത്. അസഭ്യം പറയുന്നത് എതിർത്തതാണ് മർദ്ദിക്കാൻ കാരണമെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. മനോരമ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

എഡിജിപിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറാണ് ഗവാസ്‌കർ. ഇന്നു രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുന്ന സമയത്ത് വാഹനത്തിലിരുന്ന് മകൾ അസഭ്യം പറഞ്ഞു. ഇതിനെ എതിർത്തതോടെ എഡിജിപിയുടെ മകൾ മൊബൈൽ ഫോണുപയോഗിച്ച് കഴുത്തിന് പുറകിലിടിച്ചെന്നാണ് പരാതിയിലുളളത്.

ഇതിനു മുൻപും മകളും ഭാര്യയും തന്നെ അസഭ്യം പറഞ്ഞിരുന്നു. ഇക്കാര്യം എഡിജിപിയെ അറിയിച്ചു. ഇതിന്റെ വൈരാഗ്യമാകാം മർദ്ദത്തിനു പിന്നിലെന്ന് ഡ്രൈവർ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം സംഭവത്തിൽ എഡിജിപി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ