തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ ഇന്ന് രണ്ടായികത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്ത് ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിച്ച ദിവസമാണ് ഇന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“രണ്ടായിരത്തിൽ പരം തസ്തികകളാണ് ഇന്ന് മാത്രം സൃഷ്ടിച്ചത്. നേരത്തെ 1830 തസ്തികകൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായി സൃഷ്ടിച്ചിരുന്നു. എൻഎച്ച്എം വഴി 454 പേരെ പഞ്ചായത്തുകളിലൂടെ 648 പേരെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിയമിച്ചു,” മുഖ്യമന്ത്രി പറഞ്ഞു.

ഈ രീതിയിൽ ആരോഗ്യരംഗത്ത് സംസ്ഥാന സർക്കാർ നടത്തി വരുന്ന വികസന പദ്ധതികളുടെ അംഗീകരം എന്ന നിലയിൽ വേണം ദേശീയ ആരോഗ്യ സൂചികയിൽ നമുക്ക് ലഭിക്കുന്ന ആദ്യ സ്ഥാനത്തെ വിലയിരുത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ഏറ്റവും കുറഞ്ഞ നവജാത ശിശുമരണനിരക്ക് കേരളത്തിലാണ്. രോഗപ്രതിരോധ കുത്തിവയ്പ്പ്, ആശുപത്രിയിൽ വച്ചുള്ള പ്രസവം, ജനന സമയത്തെ സ്ത്രീ-പുരുഷ അനുബാധം എന്നിവയിലെല്ലാം മികച്ച നിലയിലാണ് കേരളം. സംസ്ഥാനത്തെ 85 ആരോഗ്യ സ്ഥാപനങ്ങൾക്ക് നാഷണൽ ക്വാളിഫിക്കേഷൻ അംഗീകാരം ലഭിച്ചു.

ആരോഗ്യവകുപ്പില്‍ 3,000 തസ്തിക സൃഷ്ടിക്കും. പരിയാരം മെഡിക്കല്‍ കോളജ്–772, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്–1,200. ആയുഷ്–300, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്–728, മണ്ണ് സംരക്ഷണ വകുപ്പില്‍–111. 35 ഹയര്‍ സെക്കന്‍‍ഡറി സ്കൂളുകളില്‍ 151 തസ്തികയും വരും. ഗവ. കോളജുകളില്‍ 100 പുതിയ അനധ്യാപക തസ്തികകളും വരും.

അതേസമയം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. മൂന്നു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി സുതാര്യമാണെന്നും, എന്നാൽ പ്രതിപക്ഷം തെറ്റിദ്ധാരണ പടർത്തുകയാണെന്നും യോഗം വിലയിരുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.