/indian-express-malayalam/media/media_files/uploads/2021/10/TVM-airport-1.jpg)
ഫൊട്ടൊ: ട്വിറ്റർ/തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് നാളെ മുതല്‍ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍. 50 വര്‍ഷത്തേക്കാണ് എയര്‍പോര്‍ട്ട് അതോറിറ്റിറ്റി ഓഫ് ഇന്ത്യ(എഎഐ)യുമായി അദാനി ഗ്രൂപ്പ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍ ജി.മധുസൂദന റാവു എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രനില്‍നിന്ന് ഇന്ന് അര്‍ധരാത്രി 12നു ചുമതലയേറ്റെടുക്കും.
അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(എടിയാല്‍)നു കീഴിലാകും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി വിമാനത്താവളം ദീപാലങ്കാരങ്ങളാല്‍ ഒരുങ്ങിക്കഴിഞ്ഞു. അതേസമയം, തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്ന പേര് മാറില്ലെന്നാണ് വിവരം. വിമാനത്താവളത്തിലെത്തിലെത്തുന്ന ഓരോ യാത്രക്കാരനും 168 രൂപ വീതം എന്ന തോതി എടിയാല്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കണം.
വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് ജനുവരി 19നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുമായി അദാനി ഗ്രൂപ്പ് കരാറില്‍ ഒപ്പുവച്ചത്. ആറു മാസത്തിനകം നടത്തിപ്പ് ഏറ്റെടുക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ കോവിഡ് സാഹചര്യത്തിലെ വ്യോമയാന നിയന്ത്രണങ്ങളെത്തുടര്‍ന്ന് സമയം നീട്ടണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒക്ടോബര്‍ 18ന് മുന്‍പ് ഏറ്റെടുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി സാവകാശം നല്‍കുകയായിരുന്നു.
തിരുവനനന്തപുരം കൂടാതെ മംഗളുരു, അഹമ്മദാബാദ്, ലക്‌നൗ, ജയ്പുര്‍, ഗുവാഹതി വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിനു കൈമാറിയിരുന്നു. ഇതുസംബന്ധിച്ച് 2019 ലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ടെന്‍ഡര്‍ വിളിച്ചത്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച കമ്പനി ടെന്‍ഡറില്‍ പങ്കെടുത്തെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.
Also Read: സെമിഹൈസ്പീഡ് റെയിൽ: ആശങ്കകൾ വേണ്ടെന്ന് മുഖ്യമന്ത്രി
വിമാനത്താവളം കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുക്കുന്നത്.
വിമാനത്താവളത്തിന് വെള്ളവും വൈദ്യുതിയും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതു സംബന്ധിച്ച് അദാനി ഗ്രൂപ്പുമായുള്ള സ്റ്റേറ്റ് സപ്പോര്‍ട്ട് കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ഒപ്പുവച്ചിട്ടില്ല. വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുന്നതിനുള്ള സാധ്യതകളും പ്രതിസന്ധിയിലാണ്. 635 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനു 18 ഏക്കര്‍ വാങ്ങുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.
വിമാനത്താവള നടത്തിപ്പ് ആദ്യ ഒരുവര്‍ഷം അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിറ്റിയും സംയുക്തമായാണ് നിര്‍വഹിക്കുക. ഈ കാലയളവ് പൂര്‍ത്തിയാകുന്നതോടെ നടത്തിപ്പ്് പൂര്‍ണമായും അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാവും. വിമാനത്താവളം ഏറ്റെടുക്കുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി ഓഗസ്റ്റ് 16 മുതല്‍ അദാനിഗ്രൂപ്പ് പ്രതിനിധികള്‍ തിരുവനന്തപുരത്തുണ്ട്. വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍, കസ്റ്റംസ്, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണത്തില്‍ തുടരും.
Also Read: നിയമസഭാ കയ്യാങ്കളി: മന്ത്രി ശിവൻകുട്ടി അടക്കമുള്ളവരുടെ വിടുതൽ ഹർജി തള്ളി; നവംബർ 22ന് ഹാജരാകണമെന്ന് കോടതി
തിരുവനന്തപുരം വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഇവരെ മൂന്ന് വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനില്‍ നിലനിര്‍ത്താനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. ഈ കാലയളവ് കഴിയുന്നതോടെ ജീവനക്കാര്‍ക്ക് അദാനി ഗ്രൂപ്പില്‍ ചേരുകയോ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകുകയോ വേണ്ടി വരും.
വിമാനത്താവളത്തില്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നതിനൊപ്പം കൂടുതല്‍ വിമാന സര്‍വിസുകള്‍ ആരംഭിക്കുകയെന്നതുമാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കാനും യുകെയിലേക്കും അമേരിക്കയിലേക്കും സര്‍വീസുകള്‍ ആരംഭിക്കാനും സാധ്യതയുണ്ട്.
വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കുന്നതോടെ തിരുവനന്തപുരത്തെ രണ്ടു പ്രധാന പദ്ധതികള്‍ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാവുകയാണ്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം പുരോഗമിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.