തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിൽ ഇതുവരെ നൂറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അദാനി ഗ്രൂപ്പ്. ഉപരോധ സമരം കാരണം കഴിഞ്ഞ 53 ദിവസമായി വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളും ലത്തീൻ സഭയും ചേർന്നാണ് ഉപരോധ സമരം നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങുന്നത് ഇനിയും നീളുമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.
വിഴിഞ്ഞം തുറമുഖ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിർമ്മാണത്തിനുള്ള കല്ലുകൾ എത്തിക്കാൻ സാധിക്കുന്നില്ല. വിഴിഞ്ഞത്തേക്കുള്ള ബാര്‍ജുകളും ടഗ്ഗുകളും വിവിധ തീരങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. തങ്ങൾക്ക് ഇതുവരെയുണ്ടായ നഷ്ടത്തിന്റെ കണക്കുകളും ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറിക്ക് അദാനി ഗ്രൂപ്പ് റിപ്പോര്‍ട്ട് നല്കി. ഓഗസ്റ്റ് 16-നാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം ആരംഭിച്ചത്.
വിഴിഞ്ഞം സമരപന്തല്‍ പൊളിക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. പന്തൽ പൊളിച്ചുനീക്കാൻ കോടതി സമരക്കാർക്ക് നിർദേശം നൽകി. വിഴിഞ്ഞം സമരസമിതിയുടെ നേതൃത്യത്തിൽ നിർമാണം തടഞ്ഞിരിക്കുകയാണെന്നും തങ്ങളുടെ ജീവനക്കാർക്ക് പദ്ധതി പ്രദേശത്തേക്ക് പ്രവേശിക്കാനാവുന്നില്ലെന്നും ചൂണ്ടിക്കാട്ടി അദാനിപോർട്ടും കരാർ കമ്പനിയും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലായിരുന്നു ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.