scorecardresearch

‘കരുണാകരന്റെ കളരിയിൽ കച്ചകെട്ടിയ മെയ്‌വഴക്കമുണ്ട് രമണ്‍ ശ്രീവാസ്തവയ്ക്ക്’; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

“പെൻഷൻ പറ്റിയശേഷം സ്വദേശമായ യു.പി.യിലേക്കുപോയില്ല. ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ഥലം വാങ്ങി വീടുപണിയിച്ചു സന്തോഷമായി ജീവിക്കുമ്പോഴാണ് മുഖ്യമന്ത്രി ഉപദേഷ്ടാവായി നിയമിക്കുന്നത്”- ജയശങ്കര്‍

‘കരുണാകരന്റെ കളരിയിൽ കച്ചകെട്ടിയ മെയ്‌വഴക്കമുണ്ട് രമണ്‍ ശ്രീവാസ്തവയ്ക്ക്’; പരിഹാസവുമായി അഡ്വ. ജയശങ്കര്‍
Photo…Harris Kuttippuram

കൊച്ചി: പൊലീസ് ഉപദേഷ്ടാവായി മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ നിയമിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍. നമ്മുടെ മുഖ്യമന്ത്രിക്ക് വേറെ എന്തൊക്കെ പോരായ്മയുണ്ടെങ്കിലും ഉപദേഷ്ടാക്കൾ കുറഞ്ഞുപോയി എന്നൊരു പരാതി ഒരാളും ഇനി പറയില്ലെന്ന് ജയശങ്കര്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

1973 ൽ ഐ.പി.എസ് പാസായി കേരളത്തിൽ വന്നയാളാണ് ശ്രീവാസ്തവ. അന്ന് പോലീസ്മന്ത്രിയായിരുന്ന കെ.കരുണാകരന്റെ വാത്സല്യഭാജനം. 1994 ൽ ISRO ചാരക്കേസിൽ ആരോപണവിധേയനായ ശ്രീവാസ്തവയെ സംരക്ഷിച്ചു എന്നതാണ് കോൺഗ്രസിലെ ആന്റണി ഗ്രൂപ്പുകാരും ഇടതുമുന്നണി നേതാക്കളും കരുണാകരനെതിരെ ഉന്നയിച്ച ആരോപണം. കരുണാകരൻ രാജിവെച്ചതോടെ എ.ഗ്രൂപ്പുകാർക്കും സിപിഎം നേതാക്കൾക്കും ശ്രീവാസ്തവ പ്രിയങ്കരനായി മാറിയെന്നും ജയശങ്കര്‍ കുറിക്കുന്നു.

2005 ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി രണ്ടുപേരുടെ സീനിയോറിറ്റി മറികടന്നു അദ്ദേഹത്തെ പോലീസ് മേധാവിയാക്കി. അതിനടുത്ത വർഷം സംസ്ഥാനത്തു ഭരണമാറ്റം ഉണ്ടായെങ്കിലും പോലീസ് മേധാവി മാറിയില്ല. കാരണം സെൻ കുമാറല്ല ശ്രീവാസ്തവ. അദ്ദേഹത്തിന്റെ കഴിവിനെയും കാര്യപ്രാപ്തിയെയും കുറിച്ചു മുഖ്യമന്ത്രി വി.എസിനും ആഭ്യന്തരമന്ത്രി കോടിയേരിക്കും നല്ല മതിപ്പായിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.

കേന്ദ്രത്തിൽ സ്പെഷ്യൽ സെക്രട്ടറിയായി പോകുംവരെ അദ്ദേഹം ഡിജിപി ആയി തുടർന്നു. പിന്നീട് ബി.എസ്.എഫ്.മേധാവിയായി വിരമിച്ചു. പെൻഷൻ പറ്റിയശേഷം സ്വദേശമായ യു.പി.യിലേക്കുപോയില്ല. ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ഥലം വാങ്ങി വീടുപണിയിച്ചു സന്തോഷമായി ജീവിക്കുമ്പോഴാണ് മുഖ്യമന്ത്രി ഉപദേഷ്ടാവായി നിയമിക്കുന്നത്. ഏതുനിലയ്ക്കും പിണറായി വിജയനെ ഉപദേശിക്കാൻ അനുഭവസമ്പത്തും ആദർശനിഷ്ഠയുമുള്ളയാളാണ് രമൺ ശ്രീവാസ്തവ. കരുണാകരന്റെ കളരിയിൽ കച്ചകെട്ടിയ മെയ്‌വഴക്കവുമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

രമൺ ശ്രീവാസ്തവ ഡി.ഐ.ജി. ആയിരിക്കുമ്പോഴാണ് 1991 ഡിസംബർ 15 നു പാലക്കാട് സ്വന്തം വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന പതിനൊന്നുകാരി സിറാജുന്നീസ പോലീസിന്റെ വെടിയേറ്റുമരിച്ചത്. I want dead bodies of muslim bastards എന്ന് ഡി.ഐ.ജി.ഏമാൻ വയർലെസ്സിലൂടെ കല്പിച്ചതനുസരിച്ചാണത്രെ പോലീസ് തുപ്പാക്കി പ്രയോഗിച്ചത്. ഒടുവിൽ, സിറാജുന്നീസ ആയുധമേന്തി വലിയൊരു ആൾക്കൂട്ടത്തെ നയിച്ചുകൊണ്ട് സമീപത്തെ ബ്രാഹ്മണത്തെരുവ് ആക്രമിക്കാൻ പോയപ്പോൾ പ്രാണരക്ഷാർത്ഥം പോലീസ് വെടിവെച്ചു എന്ന രീതിയിലാണ് കേസ് അവസാനിപ്പിച്ചത്. അന്ന് മുസ്ലിം ലീഗ് ഭരണത്തിലുണ്ടായിരുന്നിട്ടും ഒന്നും സംഭവിച്ചില്ല റിട്ടയർ ചെയ്ത ജില്ലാ ജഡ്ജി യോഹന്നാൻ അന്വേഷിച്ചു. ശ്രീവാസ്തവയടക്കം നിയമപാലകർക്ക് ക്ലീൻ ചിറ്റ് കൊടുത്തു. ഇബ്രാഹിം സുലൈമാൻ സേട്ടുവും അബ്ദുൽ നാസർ മഅദാനിയും കുറക്കാലംകൂടി സിറാജുന്നീസയുടെ പേരുപറഞ്ഞുകൊണ്ടുനടന്നുവെന്നത് ബാക്കിയെന്നും അദ്ദേഹം കുറിച്ചു.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ചരിത്രപരമായ പോലീസ് ഉപദേശകനിയമനം തീരുമാനിച്ചത്. ഇനിയങ്ങോട്ട് നിയമപാലകർക്ക് ഒരു വീഴ്ചയും ഒരിക്കലും പറ്റുകയില്ലെന്നും ജയശങ്കര്‍ പരിഹസിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ad jayasankar mocks raman srivasthava