Comedian and TV host Subi Suresh Dies: കൊച്ചി: നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം.
എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്.
രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ അരങ്ങേറ്റം. എൽസമ്മ എന്ന ആൺകുട്ടി, ഹാപ്പി ഹസ്ബൻഡ്, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചുകുട്ടികൾക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല.
സുബിയുടെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും.
സുബിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
“ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു,” അനുശോചന കുറിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു.