കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയവർ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി ഐജി വിജയ് സാക്കറെ. പ്രതികൾ ഷംനയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, നടി പൊലീസിൽ പരാതിപ്പെട്ടതോടെ തട്ടിക്കൊണ്ടുപോകൽ പദ്ധതി പാളുകയായിരുന്നെന്നും ഐജി കൊച്ചിയിൽ പറഞ്ഞു.

ഷംനയോട് ആദ്യം ഒരു ലക്ഷം ചോദിച്ചു. പിന്നീട് അമ്പതിനായിരം രൂപ ചോദിച്ചു. എന്നാൽ, ഷംന തയ്യാറായില്ല. ഇതേ തുടർന്ന് ഷംനയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു. ഷംനയുടെ റൂട്ട് മാപ്പ് അടക്കം മനസിലാക്കി നടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി. ശേഷം വലിയൊരു തുക മോചനദ്രവ്യമായി ആവശ്യപ്പെടാനും പ്രതികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേക്കും നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. അതുകൊണ്ടാണ് പ്രതികളുടെ ലക്ഷ്യം പാളിയതെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു.

Read Also: അൺലോക്ക് രണ്ടാം ഘട്ടവും പുതിയ അടച്ചിടലുകളും: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

സ്വർണകടത്തുമായി കേസിനു ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം. ഷംനയെ പോലെ മറ്റ് സിനിമാ താരങ്ങളെയും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി വൻതുക ആവശ്യപ്പെടാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം, കേസിന്റെ ഭാഗമായി തനിക്കൊപ്പം നിന്ന എല്ലാവർക്കും ഷംന നന്ദി പറഞ്ഞു. കൊച്ചി ബ്ലാക്ക് മെയിൽ കേസില്‍ ഷംനയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ഹോം ക്വാറന്റെെനിൽ കഴിയുന്നതിനാല്‍ വീഡിയോ കോണ്‍ഫറൻസിങ് വഴിയാണ് നടിയുടെ മൊഴിയെടുത്തത്. ഹെെദരബാദിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഷംന നാട്ടിലെത്തിയത്.

Read Also: മകൾക്ക് പത്ത് എ പ്ലസ്, ഭാര്യയ്‌ക്ക് ഡോക്‌ടറേറ്റ്; സന്തോഷം പങ്കുവച്ച് എം.ബി.രാജേഷ്

തട്ടിപ്പിന്റെ ആസൂത്രണം ഹാരിസും റഫീഖും ചേര്‍ന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. കേസുമായി സിനിമ മേഖലയിൽ നിന്നുള്ളവർക്ക് ബന്ധമുണ്ടോ എന്ന അന്വേഷണവും നേരത്തെ നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.