പൊലീസ് നിയമഭേദഗതിക്കെതിരെ നടി പാർവതി തിരുവോത്ത് രംഗത്ത്. പ്രശസ്‌ത മാധ്യമപ്രവർത്തകൻ ശശികുമാറിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് 118 എ പിൻവലിക്കണമെന്ന് പാർവതി ആവശ്യപ്പെട്ടിരിക്കുന്നത്.

പൊലീസ് നിയമഭേദഗതി കൊണ്ടുവന്ന സർക്കാർ തീരുമാനം നിർഭാഗ്യകരമാണെന്നും 118 എ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരാണെന്നും കുറ്റപ്പെടുത്തുന്നതാണ് ശശികുമാറിന്റെ ട്വീറ്റ്.

സ്ത്രീകള്‍ ഉൾപ്പെടെയുള്ള അധിക്ഷേപവും സൈബർ ആക്രണവും   പ്രതിരോധിക്കുന്നതിനാണു 118 എ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ്ങിന് ഇരയായ പാര്‍വതി തന്നെ 118 എ ക്കെതിരെ രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

അതേസമയം, വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിൽ നിയമഭേദഗതിയിൽ സർക്കാർ തിരുത്തൽ വരുത്തിയേക്കും. ഭേദഗതിയിലെ വിവാദ ഭാഗത്ത് തിരുത്തൽവരുത്താനാണ് ആലോചിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപമെന്ന പേരിൽ നിയമം കർക്കശമാക്കുന്നതിൽ തിരുത്തൽ കൊണ്ടുവരാനാണ് സാധ്യത.

നിയമഭേദഗതിക്കെതിരെ പ്രതിപക്ഷവും ബിജെപിയും രൂക്ഷമായ ആക്രണമാണ് നടത്തുന്നത്. പൊതുമണ്ഡലത്തിലും സമൂഹമാധ്യമങ്ങളിലും സർക്കാരിനെതിരെ നിശിത വിമർശനമുർന്നു. തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ നിയമഭേദഗതിയിൽ തിരുത്തൽ വരുത്തുന്നതാണ് അഭികാമ്യമെന്ന നിലപാട് സിപിഎമ്മിലും എൽഡിഎഫിലും ഉയർന്നിട്ടുണ്ട്. ഭേദഗതിക്കെതിരെ ഉയർന്ന അഭിപ്രായങ്ങളും നിർദേശങ്ങളും കേരളത്തിലെ ഇടത് സർക്കാർ തീർച്ചയായും പരിഗണിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. നിയമ ഭേദഗതിയിൽ വ്യക്തത കുറവുണ്ടെന്നാണ് സിപിഐ പറയുന്നത്.

Read Also: ഇനി ട്രോളാനും പറ്റില്ലേ ? ആധിപിടിച്ച് സോഷ്യൽ മീഡിയ, ട്രോളുകളിൽ 118 A

പൊലീസ് നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് നിയമഭേദഗതി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷം വിമർശിച്ചു. ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്, മാധ്യമ സ്വാതന്ത്ര്യത്തിനു മൂക്കുകയറിടുന്നതും, ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.