കൊച്ചി: കൊച്ചിയിലെ മാളിൽ നടിയെ അപമാനിച്ച സംഭവം അപലപനീയമാണെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് നാളെ നടിയിൽ നിന്നും കമ്മിഷൻ തെളിവെടുക്കും. സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകി.

Read More: അവരുടെ മുഖത്തടിക്കാൻ എനിക്കില്ലാതെ പോയ ധൈര്യം നിങ്ങൾക്കുണ്ടാകട്ടെ; യുവനടിയുടെ വെളിപ്പെടുത്തൽ

പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും, യുവനടിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തുമെന്ന് കളമശ്ശേരി പൊലീസും വ്യക്തമാക്കി. “ഷോപ്പിങ് മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു ചെറുപ്പക്കാരാണ് യുവനടിയെ അപമാനിക്കാൻ ശ്രമിച്ചത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യും. നടി ഷൂട്ടിന്റെ ഭാഗമായി സ്ഥലത്തില്ലാത്തതിനാൽ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ഉടൻ മൊഴി രേഖപ്പെടുത്തും,” കളമശ്ശേരി സിഐ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പ്രതികരിച്ചു.

നഗരത്തിലെ പ്രശസ്തമായ ഷോപ്പിങ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തൽ. കുടുംബത്തോടൊപ്പം മാളില്‍ ഷോപ്പിംഗ്‌ നടത്തവേയാണ് തനിക്ക് ഈ അനുഭവം നേരിട്ടതെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. അപ്പോൾ പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും താരം കുറിച്ചു.

“ഷോപ്പിംഗ് മാളിലെ തിരക്കേറിയ സ്ഥലത്തായിരുന്നു സംഭവം. തിരക്കിനിടയിലൂടെ വന്ന യുവാക്കള്‍ ശരീര ഭാഗത്ത് സ്പര്‍ശിച്ചു. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് ഞാന്‍ സംശയിച്ചു. എന്നാല്‍ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. എന്നാല്‍ ഊഹിക്കാന്‍ പോലുമാകാത്ത ഒരു കാര്യം നടന്നതിന്റെ ഞെട്ടലിലായിരുന്നു ഞാന്‍. ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു ചെന്നപ്പോള്‍ അവര്‍ എന്നെ കണ്ടില്ലെന്ന് നടിച്ചു. എനിക്ക് മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് ഞാന്‍ അങ്ങനെ ചെയ്തത്. അവര്‍ക്ക് കാര്യം മനസിലായെന്ന് എനിക്ക് ഉറപ്പായിരുന്നു.

പിന്നീട് പണമടക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്ത് അവര്‍ എനിക്കരികില്‍ വന്നു സംസാരിക്കാന്‍ ശ്രമിച്ചു. ഇത്രയും ചെയ്തിട്ടും അവര്‍ എന്നോട് സംസാരിക്കാനുള്ള ധൈര്യം കാണിച്ചു. ഞാന്‍ ഏതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നാണ് അവര്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഞങ്ങള്‍ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാന്‍ പറയുകയും ചെയ്തു. എന്റെ അമ്മ ഞങ്ങള്‍ക്ക് അരികിലേക്ക് വന്നപ്പോള്‍ അവര്‍ അവിടെ നിന്ന് പോയി. ഈ കുറിപ്പ് എഴുതുമ്പോഴും അവരോട് ഒന്നും പറയാന്‍ പറ്റാതെ പോയതില്‍ വിഷമം തോന്നുന്നുണ്ട്,” അവരുടെ മുഖത്തടിക്കാൻ തനിക്കില്ലാതെ പോയ ധൈര്യം മറ്റു സ്ത്രീകൾക്ക് ഉണ്ടാകട്ടെ എന്നും നടി കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.