നടിയെ അപമാനിച്ച സംഭവം: പ്രതികൾ കസ്റ്റഡിയിൽ

അഭിഭാഷകര്‍ക്കൊപ്പം കീഴടങ്ങാന്‍ എത്തുന്നതിനിടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്

Molestation

കൊച്ചി: നഗരത്തിലെ ഷോപ്പിങ് മാളിൽ നടിയെ അപമാനിച്ച കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ മങ്കട സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെയാണ് കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. അഭിഭാഷകര്‍ക്കൊപ്പം കീഴടങ്ങാന്‍ എത്തുന്നതിനിടെ കളമശ്ശേരിയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോവിഡ് പരിശോധനയും മറ്റു വൈദ്യ പരിശോധനകളും പൂർത്തിയാക്കിയ ശേഷം പ്രതികളെ തിങ്കളാഴ്ചയോടെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

കീഴടങ്ങാന്‍ തയ്യാറാണെന്ന് പറഞ്ഞ് പ്രതികൾ ഞായറാഴ്ച രാവിലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞ പ്രതികൾ നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. കിട്ടിയതുകൊണ്ടാണ് ഒളിവിൽ പോയതെന്നും പ്രതികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നടിയുടെ ദേഹത്ത് സ്‌പർശിച്ചത് മനപൂർവമല്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും പ്രതികൾ അവകാശവാദമുന്നയിച്ചു. ദുരുദ്ദേശത്തോടെയല്ല മാളിലെത്തിയതെന്നും ഇവര്‍ പറഞ്ഞു.

പ്രതികളെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് കൊച്ചി പൊലീസ് പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടിരുന്നു. എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് പ്രതികൾ യാത്ര ചെയ്തുവെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എറണാകുളത്തിന് വടക്കോട്ടുള്ള ജില്ലകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളിലേക്ക് പൊലീസ് എത്തിച്ചേർന്നത്.

Read More: ഹൈപ്പർ മാർക്കറ്റിൽ നടിയെ അപമാനിച്ച സംഭവം: പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു

വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദനമായ സംഭവം. നഗരത്തിലെ പ്രശസ്തമായ ഷോപ്പിങ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് നടി സോഷ്യൽ മീഡിയയിലൂടെയാണ് വെളിപ്പെടുത്തിയത്. അതിക്രമത്തെപ്പറ്റി നടി പരാതി നൽകിയിരുന്നില്ലെങ്കിലും അവരുടെയും അമ്മയുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

കുടുംബത്തോടൊപ്പം മാളില്‍ ഷോപ്പിംഗ്‌ നടത്തവേയാണ് തനിക്ക് ഈ അനുഭവം നേരിട്ടതെന്ന് നടി പറഞ്ഞിരുന്നു. അപ്പോൾ പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും താരം കുറിച്ചു.

പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് ശനിയാഴ്ച  പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിയുന്നവർ കളമശേരി പൊലീസിൽ അറിയിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. നടി എറണാകുളത്ത് തിരിച്ചെത്തിയാൽ ഉടൻ മൊഴിയെടുക്കാനാണ് കളമശേരി പൊലീസിന്റെ തീരുമാനം.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ നടി തിരിച്ചറിഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പൊലീസ് ചിത്രങ്ങൾ പുറത്തുവിട്ടത്. പ്രതികളെ കണ്ടെത്താൻ മറ്റു മാർഗങ്ങൾ തേടിയിരുന്നെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് ചിത്രങ്ങൾ നടിയെ കാണിച്ചു സ്ഥിരീകരിച്ച ശേഷം പുറത്തുവിട്ടത്.

കളമശേരി, മുട്ടം മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ദൃശ്യങ്ങളിൽനിന്ന് പ്രതികളെപ്പറ്റി പൊലീസിനു സൂചന ലഭിച്ചിരുന്നെങ്കിലും ഇവർതന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിക്കാതിരുന്നതിനാലാണ് ചിത്രങ്ങൾ പുറത്തുവിടാൻ വെെകിയത്.

Web Title: Actress molestation case in kochi inquiry to other districts

Next Story
ശബരിമല അഴിമതി: മുന്‍ സെക്രട്ടറി വി.എസ്.ജയകുമാറിന്റെ പെന്‍ഷന്‍ തടയുംsabarimala, Photo : Unni, TDB
The moderation of comments is automated and not cleared manually by malayalam.indianexpress.com