കൊച്ചി: ദിലീപ് തന്റെ അവസരങ്ങള്‍ നഷ്‌ടപ്പെടുത്തുന്നുവെന്ന് പറഞ്ഞ് ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിട്ടില്ലെന്ന ‘അമ്മ’യുടെ വാദം പൊളിയുന്നു. നടി പരാതി നല്‍കിയിരുന്നുവെന്നും പരാതിയില്‍ കഴമ്പുണ്ടന്ന് ദിലീപിനോട് പറഞ്ഞിരുന്നുവെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിന് മൊഴി നൽകിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ദിലീപ് തന്റെ അവസരങ്ങള്‍ നഷ്‌ടപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിരുന്നു. നടിയുടെ പരാതിയെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി ദിലീപിനോട് പറഞ്ഞപ്പോള്‍, ആവശ്യമില്ലാത്ത കാര്യത്തില്‍ എന്തിനാണ് തലയിടുന്നതെന്ന് ദിലീപ് ചോദിച്ചു’വെന്നും ഇടവേള ബാബു മൊഴിയിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളിൽ ഒരാളാണ് ഇടവേള ബാബു.

അതേസമയം, താന്‍ ആരുടേയും അവസരങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും അത്തരത്തില്‍ ഒരു പരാതി ലഭിച്ചിരുന്നുവെങ്കില്‍ ‘അമ്മ’ വിശദീകരണം തേടണമായിരുന്നുവെന്നും ദിലീപ് പ്രതികരിച്ചു. അമ്മയില്‍ നിന്നും തന്നെ പുറത്താക്കിയ വിവരമോ തിരിച്ചെടുത്ത വിവരമോ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും പരസ്യ പ്രതികരണത്തിന് തനിക്ക് നിയമ വിലക്കും പരിമിതികളുമുള്ളതിനാല്‍ ദിലീപ് ഇക്കാര്യം സുഹൃത്തക്കളോടാണ് പറഞ്ഞിരിക്കുന്നത്. ദിലീപ് അവസരങ്ങള്‍ നഷ്‌ടപ്പെടുത്തുന്നുവെന്ന നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു താര സംഘടന നേരത്തെ പറഞ്ഞത്. ഇടവേള ബാബുവിന്റെ മൊഴിയോടെ ഈ വാദം പൊളിയുകയാണ്.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ അമ്മയില്‍ നിന്നും രാജി വച്ചിരുന്നു.

തനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല രാജി എന്നാണ് ആക്രമിക്കപ്പെട്ട നടി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിനു മുന്പ് ഈ നടന്‍ തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും നടി പറയുന്നു. ഇത്രയും മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍ താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചതെന്നും ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വയ്ക്കുകയാണെന്നും ആക്രമിക്കപ്പെട്ട നടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ