കൊച്ചി: ഇടപ്പള്ളി മാളിലെ ഹൈപ്പർ മാർക്കറ്റിൽ യുവനടിക്കെതിരെ അതിക്രമം കാട്ടിയ രണ്ടു യുവാക്കളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇവരെ നടി തിരിച്ചറിഞ്ഞിരുന്നു. അതിനുപിന്നാലെയാണ് പൊലീസ് ചിത്രങ്ങൾ പുറത്തുവിട്ടത്. പ്രതികളെ കണ്ടെത്താൻ മറ്റു മാർഗങ്ങൾ തേടിയിരുന്നെങ്കിലും ഫലമില്ലാതെവന്നതോടെയാണ് ചിത്രങ്ങൾ നടിയെ കാണിച്ചു സ്ഥിരീകരിച്ച ശേഷം പുറത്തുവിട്ടത്.
കളമശേരി, മുട്ടം മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ദൃശ്യങ്ങളിൽനിന്ന് പ്രതികളെപ്പറ്റി പൊലീസിനു സൂചന ലഭിച്ചിരുന്നെങ്കിലും ഇവർതന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിക്കാതിരുന്നതിനാലാണ് ചിത്രങ്ങൾ പുറത്തുവിടാൻ വെെകിയത്. പ്രതികളെ തിരിച്ചറിയുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
നഗരത്തിലെ പ്രശസ്തമായ ഷോപ്പിങ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് നടി സോഷ്യൽ മീഡിയയിലൂടെയാണ് വെളിപ്പെടുത്തിയത്. അതിക്രമത്തെപ്പറ്റി നടി പരാതി നൽകിയിരുന്നില്ലെങ്കിലും അവരുടെയും അമ്മയുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
കുടുംബത്തോടൊപ്പം മാളില്‍ ഷോപ്പിംഗ് നടത്തവേയാണ് തനിക്ക് ഈ അനുഭവം നേരിട്ടതെന്ന് നടി പറഞ്ഞിരുന്നു. അപ്പോൾ പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും താരം കുറിച്ചു.
Read Also: ജാതിമത വ്യത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണ് ശ്രീരാമൻ, ബാനർ ഉയർത്തിയതിൽ തെറ്റില്ല: മുരളീധരൻ
‘ഷോപ്പിംഗ് മാളിലെ തിരക്കേറിയ സ്ഥലത്തായിരുന്നു സംഭവം. തിരക്കിനിടയിലൂടെ വന്ന യുവാക്കള്‍ ശരീര ഭാഗത്ത് സ്പര്‍ശിച്ചു. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് ഞാന്‍ സംശയിച്ചു. എന്നാല്‍ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. എന്നാല്‍ ഊഹിക്കാന്‍ പോലുമാകാത്ത ഒരു കാര്യം നടന്നതിന്റെ ഞെട്ടലിലായിരുന്നു ഞാന്‍. ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു ചെന്നപ്പോള്‍ അവര്‍ എന്നെ കണ്ടില്ലെന്ന് നടിച്ചു. എനിക്ക് മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് ഞാന്‍ അങ്ങനെ ചെയ്തത്. അവര്‍ക്ക് കാര്യം മനസിലായെന്ന് എനിക്ക് ഉറപ്പായിരുന്നു.
പിന്നീട് പണമടക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്ത് അവര്‍ എനിക്കരികില്‍ വന്നു സംസാരിക്കാന്‍ ശ്രമിച്ചു. ഇത്രയും ചെയ്തിട്ടും അവര്‍ എന്നോട് സംസാരിക്കാനുള്ള ധൈര്യം കാണിച്ചു. ഞാന്‍ ഏതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നാണ് അവര്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഞങ്ങള്‍ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാന്‍ പറയുകയും ചെയ്തു. എന്റെ അമ്മ ഞങ്ങള്‍ക്ക് അരികിലേക്ക് വന്നപ്പോള്‍ അവര്‍ അവിടെ നിന്ന് പോയി. ഈ കുറിപ്പ് എഴുതുമ്പോഴും അവരോട് ഒന്നും പറയാന്‍ പറ്റാതെ പോയതില്‍ വിഷമം തോന്നുന്നുണ്ട്,” അവരുടെ മുഖത്തടിക്കാൻ തനിക്കില്ലാതെ പോയ ധൈര്യം മറ്റു സ്ത്രീകൾക്ക് ഉണ്ടാകട്ടെ എന്നും നടി കുറിച്ചു.