scorecardresearch

‘ആറ് മണി തള്ള്’ എന്നു പറയുന്നവരുണ്ടാകും, അതിനേക്കാൾ കൂടുതൽ പേർ കാത്തിരിക്കുന്നവരാണ്: മാലാ പാർവതി

കോവിഡ് എന്ന മഹാമാരിക്കെതിരെ നമ്മൾ എല്ലാവരും ഒരുമിച്ചാണെന്ന സന്ദേശം നൽകിയിരുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനമെന്ന് മാലാ പാർവതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ദിനംപ്രതി നടത്തിയിരുന്ന വാർത്താസമ്മേളനം അവസാനിപ്പിച്ചത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. പ്രതിപക്ഷം ഉയർത്തിയിരുന്ന ആരോപണങ്ങൾക്ക് മറുപടിയില്ലാതെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചത് എന്നാണ് പ്രതിപക്ഷ എംഎൽഎമാർ അടക്കം ആരോപിക്കുന്നത്. എന്നാൽ, കേരളത്തിൽ രോഗവ്യാപനതോത് വളരെ കുറഞ്ഞ സാഹചര്യത്തിൽ ദിനംപ്രതിയുള്ള വാർത്താസമ്മേളനം ഒഴിവാക്കിയതാണെന്നാണ് സർക്കാരിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

പ്രതിപക്ഷ എംഎൽഎമാരായ വി.ടി.ബൽറാം, ഷാഫി പറമ്പിൽ, ടി.സിദ്ധിഖ്, ശബരീനാഥൻ തുടങ്ങിയവരെല്ലാം മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചതിനെ ട്രോളി രംഗത്തെത്തിയിരുന്നു. ‘ആറ് മണി തള്ള്’ എന്നു പറഞ്ഞാണ് സാമൂഹ്യമാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ പ്രതിപക്ഷത്തു നിന്നുള്ള നേതാക്കളും അണികളും പരിഹസിച്ചിരുന്നത്. എന്നാൽ, അങ്ങനെ പരിഹസിക്കുന്നവരേക്കാൾ കൂടുതൽ പേർ ആ വാർത്താസമ്മേളനത്തിനായി കാത്തിരിക്കുന്നവരാണെന്ന് നടി മാലാ പാർവതി പറഞ്ഞു. തന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ കുറിച്ച് മാലാ പാർവതി സംസാരിക്കുന്നത്. കോവിഡ് എന്ന മഹാമാരിക്കെതിരെ നമ്മൾ എല്ലാവരും ഒരുമിച്ചാണെന്ന സന്ദേശം നൽകിയിരുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനമെന്ന് മാലാ പാർവതി കുറിച്ചു.

Read Also: എന്റെ പാചകാന്വേഷണ പരീക്ഷണങ്ങൾ; മാലാ പാർവ്വതി പറയുന്നു

മാലാ പാർവതിയുടെ കുറിപ്പ്, പൂർണരൂപം വായിക്കാം:

ഈ മഹാമാരിയിൽ നിന്ന് കരകയറ്റി വിട്ടതിനു, വിശക്കാതെ കാത്തതിന്, കടപ്പാടുള്ള ഒരു വലിയ ജനവിഭാഗം ഇവിടെ ഉണ്ട്. അത് കാണാതെ പോകരുത്. ഇന്ന് 5.55ന് അലാറം അടിച്ചപ്പോൾ വല്ലാതെ നൊന്തു. “6മണി തള്ള്” എന്ന് പറയുന്ന കുറെ പേർ ഉണ്ടാകും. പക്ഷെ അതിനേക്കാൾ കൂടുതൽ ആൾക്കാർ കാത്തിരിക്കുന്നവരാണ്. വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെടുന്നു.

ലോകം മുഴുവൻ കോവിഡിനെ നോക്കി ‘ക്ഷ ത്ര ണ്ണ’ എഴുതുകയാണ്. കേരളമാകട്ടെ നോഹയുടെ പെട്ടകത്തിൽ എന്ന പോലെ സുരക്ഷിതരായി സമുദ്രം താണ്ടുന്നു. മറുകര കാണാമെന്നായപ്പോൾ ആരോക്കെയോ കല്ലെറിയുന്നു. കേരളത്തിന്‌ വേണ്ടി ഇത് വരെ എന്തെങ്കിലും കാര്യമായി ഇവർ ചെയ്തതായി ഓർമയും കിട്ടുന്നില്ല. പ്രളയവും, നിപ്പയും ഒക്കെ വന്ന കാലത്ത് കൈ തന്നു സഹായിച്ച, മുന്നിൽ നിന്ന് നയിച്ച ഈ സർക്കാരിൽ തന്നെയാണ് വിശ്വാസം. ഭരണം നടക്കുകയായിരുന്നു പെട്ടെന്ന് എല്ലാം രാഷ്ട്രീയമായി. ആരാണ് ഉത്തരവാദി എന്ന് അറിയില്ല.

Read Also: മലയാളിയ്ക്ക് ആശ്വാസം പകര്‍ന്ന ആറു മണി കൂടിക്കാഴ്ചയ്ക്ക് വിരാമമാകുമ്പോള്‍

പക്ഷെ കുറച്ചു ദിവസം മുന്നേ വരെ ഭയത്തിലും ആശങ്കയിലും നമ്മെ ആശ്വസിപ്പിച്ചിരുന്ന കുറച്ചു മുഖങ്ങൾ ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ, പ്രിയപ്പെട്ട ഷൈലജ ടീച്ചറിന്റെ, അത് പോലെ തന്നെ മറ്റ് മന്ത്രിമാരുടെ, കളക്ടർമാരുടെ,ആരോഗ്യപ്രവർത്തകരുടെ. പോലീസുകാരുടെ. ഇവരെല്ലാം ചെയ്ത പ്രവർത്തനങ്ങളും, കേരളത്തിലെ സ്ഥിതിയും പറഞ്ഞു തന്ന്, ഇനി നമ്മൾ ചെയ്യേണ്ടതും പറഞ്ഞ് ഓരോ ദിവസവും കൈ പിടിച്ചു നടത്താൻ 6 മണിക്ക് നടത്തിയിരുന്ന ആ പത്രസമ്മേളനം, നമ്മളെല്ലാവരും ഒരുമിച്ചാണ് എന്ന അനുഭവം നൽകിയിരുന്നു. താങ്ങായി തണലായി വഴികാട്ടിയായി ഒരു രക്ഷിതാവുണ്ടെന്ന് ബോധ്യപ്പെടുത്തിയിരുന്നു. അതിൽ എന്നെ പോലെയുള്ളവർ തെല്ലൊന്ന് അഹങ്കരിച്ചുപോയോ എന്നൊരു സംശയം!

ഓർത്തിരുന്നില്ല തക്കം നോക്കി പതുങ്ങിയിരിക്കുന്ന മഹാമാരികൾ മനുഷ്യ രൂപത്തിൽ ഇവിടെ ഉണ്ടെന്ന്. താത്കാലികമായി മറന്നു പോയിരുന്നു.ആശ്വസിച്ചിരുന്നു. എന്നാൽ, നാട് ജയിച്ചതിൽ അല്ല ജയിപ്പിച്ചവരുടെ ശക്തി ആണ് ചിലരെ പിടിച്ചുലയ്ക്കുന്ന കോവിഡ്. അതിനും ചികിത്സയില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress maala parvathy about cm pinarayi vijayans press meet