കൊച്ചി: നടി മാല പാർവതി സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതിപരിഹാര സമിതിയിൽനിന്ന് രാജിവച്ചു. ലൈംഗീക പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ശ്വേത മേനോൻ ചെയർപേഴ്സണായ അഞ്ചംഗ സമിതി റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ ഇന്നലെ ചേർന്ന ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം ആഭ്യന്തര പരാതിപരിഹാര സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചില്ല. പകരം മാറി നിൽക്കാൻ സന്നദ്ധനാണെന്ന വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയാണ് ചെയ്തത്. ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മാല പാർവതിയുടെ രാജി.
വിജയ് ബാബുവിനെതിരെ അമ്മയെടുത്തത് അച്ചടക്ക നടപടിയല്ലെന്ന് മാല പാര്‍വതി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അച്ചടക്ക സമിതി അംഗമായിരിക്കേ ഈ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇതിനാലാണ് അച്ചടക്ക സമിതി അംഗത്വത്തില്‍ രാജിവച്ചതെന്നും അമ്മയിൽ തുടരുമെന്നും മാല പാര്‍വതി വ്യക്തമാക്കി.
വിജയ് ബാബുവിനെതിരെ പെൺകുട്ടിയുടെ പേര് പറഞ്ഞതിൽ നടപടി വേണമെന്നും അവർ പറഞ്ഞു. വിജയ് ബാബു ഒഴിവാകാമെന്ന് സ്വമേധയാ ആവശ്യപ്പെട്ടു എന്നാണ് സംഘടനയുടെ പത്രക്കുറിപ്പിലുള്ളത്. ഇത് അച്ചടക്ക നടപടിയല്ല. മാറി നിൽക്കാൻ അമ്മ ആവശ്യപ്പെട്ടു എന്ന വാക്ക് അതിലില്ല. അതുണ്ടായിരുന്നെങ്കിൽ രാജി വയ്ക്കില്ലായിരുന്നുവെന്നും മാല പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ആരോപണവിധേയനായി ഒളിവിൽ കഴിയുന്ന ആളുടെ കത്ത് സംഘടനയ്ക്ക് വരുമെന്നോ സംഘടന അത് സ്വീകരിക്കുമെന്നോ പ്രതീക്ഷിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് വിജയ് ബാബു അമ്മയ്ക്ക് നൽകിയ കത്തിൽ അറിയിച്ചത്. തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങൾ സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്നും വിജയ് ബാബു സംഘടനയെ അറിയിച്ചു. ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് വിജയ് ബാബു.
യുവനടിയുടെ പരാതിയിൽ പൊലീസ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് വിദേശത്തേക്ക് കടന്ന നടൻ ഫെയ്‌സ്‌ബുക്ക് ലൈവിലൂടെ നടിയുടെ പേര് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. നിലവിൽ വിദേശത്തുള്ള വിജയ് ബാബുവിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പൊലീസ്. നടന്റെ പേരിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനിടെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മേയ് 16ന് ഹർജി കോടതി പരിഗണിക്കും.
Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു: മന്ത്രി പി. രാജീവ്