കൊച്ചി: കൊച്ചിയില്‍ പ്രമുഖ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ കൂടി അന്വേഷണ സംഘം പിടികൂടി. എറണാകുളം, ആലപ്പുഴ സ്വദേശികളായ രണ്ട് പേരാണ് കോയന്പത്തൂരിൽ വച്ച് എറണാകുളം റൂറൽ എസ്.പി. യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.

സംഘത്തിലെ മുഖ്യ പ്രതി പൾസർ സുനി ഇതുവരെ പിടിയിലായിട്ടില്ല. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ട്. ഗാന്ധിനഗറിലെ ഫ്ലാറ്റിൽ നിന്നും രണ്ട് വഴിക്കാണ് മൂന്നംഗ സംഘം രക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. സുനിലിന് ചലച്ചിത്ര രംഗത്തെ മറ്റാരെങ്കിലും ഒളിക്കാനുള്ള താവളം ഒരുക്കിയോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

കേസിൽ ഏഴു പ്രതികളാണുള്ളതെന്നാണ് പൊലീസ് കരുതുന്നത്. തിരിച്ചറിഞ്ഞ നാല് പേരിൽ മൂന്ന് പേർ ഇതിനോടകം പിടിയിലായിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികളെ കൂടി തിരിച്ചറിയാനുണ്ടെന്നും ആലുവ റൂറൽ എസ്‌പി പറഞ്ഞു. പ്രതികൾ ഇന്നലെ രാത്രി തന്നെ പൊലീസിന്റെ വലയിലായിരുന്നു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല.

അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ ക്രൈബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. കൊച്ചി റേഞ്ച് ഐജി, എറണാകുളം റൂറല്‍ എസ്.‌പി, കൊച്ചി ഡിസിപി എന്നിവര്‍ സംഘത്തിലുണ്ട്.

കേസിൽ ചലച്ചിത്ര താരത്തിന്റെ രഹസ്യമൊഴി എടുത്തു. കളമശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് താരം മൊഴി നല്‍കിയത്. വനിത ജഡ്ജിയായതിനാലാണ് താരം ഈ കോടതിയിൽ രഹസ്യമൊഴി നൽകാനെത്തിയത്. വൈകിട്ട് അഞ്ചരയോടെയാണ് താരം കളമശേരിയിലെ കോടതിയിലെത്തിയത്.

വെള്ളിയാഴ്ച രാത്രിയാണ് തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന താരത്തെ മൂന്നംഗ സംഘം വഴിയിൽ വച്ച് ആക്രമിച്ചത്. പിന്നീട് ഇവരുടെ അപകീർത്തികരമായ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നാണ്. സംഭവത്തിൽ രാവിലെ കളമശേരി മെഡിക്കൽ കോളേജിൽ താരം വൈദ്യ പരിശോധനയ്ക്ക് വിധേയയായിരുന്നു.

വൈദ്യ പരിശോധനയിൽ ഇവർ ആക്രമിക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. ഇതേ തുടർന്നാണ് പ്രതികകൾക്കെതിരെ തട്ടികൊണ്ടുപോകല്‍, മാനഭംഗം, ഭീഷണിപ്പെടുത്തല്‍, അനുവാദമില്ലാതെ ചിത്രം പകര്‍ത്തല്‍ എന്നിവയ്ക്ക് ഐപിസി 366, 376, 506, ഐടി ആക്ട് 66, 67 എന്നീ നിയമപ്രകാരം കേസ് എടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ