കൊച്ചി: പ്രമുഖ നടിയയെ  അർധരാത്രി തട്ടിക്കൊണ്ടു പോയതിന് പിന്നിൽ മുൻഡ്രൈവറും സുഹൃത്തുക്കളുമാണെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ. അറസ്റ്റിലായ ഇപ്പോഴത്തെ ഡ്രൈവർ മാർട്ടിന് പുറമേ മൂന്ന് പേരാണ് സംഭവത്തിൽ പ്രതിസ്ഥാനത്തുള്ളത്. മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന സംശയത്താലാണ് മാർട്ടിനെ അറസ്റ്റ് ചെയ്‌തതെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നടിയുടെ ചിത്രങ്ങൾ പകർത്തിയ സംഘം ഇതുവച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു ഉദ്ദേശമെന്നാണ് പൊലീസിന്റെ നിഗമനം.

നടിയുടെ മുൻ ഡ്രൈവർ പൾസർ സുനി എന്ന സുനിൽകുമാറാണ് ഇതിലെ മുഖ്യസൂത്രധാരൻ. നേരത്തേ സുനിലിന്റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞതിനെ തുടർന്ന് നടി സുനിലിനെ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതേ തുടർന്ന് സുനിലിന് നടിയോട് പകയുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

വെള്ളിയാഴ്ച രാത്രി തൃശ്ശൂരിൽ നിന്ന് മടങ്ങിയ നടിയുടെ കാറിനെ ടെംപോ ട്രാവലറിലാണ് സംഘം പിന്തുടർന്നത്. ഇതിന് ശേഷം നെടുന്പാശേരിക്കടുത്ത് അത്താണിയിൽ വച്ച് കാറിൽ ടെംപോ ട്രാവലർ ഇടിച്ചു. പിന്നീട് നടന്ന തർക്കത്തിനിടെ മാർട്ടിനെ തള്ളിമാറ്റി മൂന്നംഗ സംഘം വാഹനത്തിൽ കയറുകയായിരുന്നു.

പിന്നീട് സംഘം ഒന്നര മണിക്കൂറിലധികം പല ഇടറോഡുകളിലൂടെ നടിയുമായി വാഹനം ഓടിച്ചുപോയതായാണ് മൊഴി. ഇതിനിടെ നടിയുടെ ചിത്രം മൊബൈൽ കാമറയിൽ പകർത്തുന്നതിനും, വീഡിയോ ദൃശ്യങ്ങൾ എടുക്കുന്നതിനും ശ്രമം നടന്നു. പാലാരിവട്ടത്തിനടുത്ത് കാറിൽ നടിയെ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളഞ്ഞു. ഇവിടെ നിന്ന് പിന്നീട് നടി ഒറ്റയ്ക്ക് കാർ ഓടിച്ച് കാക്കനാടിലുള്ള സംവിധായകന്റെ വീട്ടിൽ പോവുകയായിരുന്നു.

സംഭവം രണ്ട് മാസം മുൻപ് തന്നെ പ്രതികൾ ആസൂത്രണം ചെയ്തതാണെന്ന് കൊച്ചി സിറ്റി ഡിസിപി യതീഷ് ചന്ദ്ര പറഞ്ഞു. മുൻ ഡ്രൈവറായ സുനിൽ തന്നെയാണ് മാർട്ടിനെ നടിയുടെ ഡ്രൈവറായി ഏർപ്പാടാക്കിയത്. മാർട്ടിൻ ജോലിയിൽ പ്രവേശിച്ചിട്ട് വളരെ കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂ. സുനിലിന് നടിയോട് പകയുണ്ടായിരുന്നതിനാൽ മാർട്ടിനെ ഇതിന് വേണ്ടി നിയോഗിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

“മാർട്ടിന്റെ അറിവോടെയാണ് സുനിലും സംഘവും നടിയുടെ വാഹനത്തെ പിന്തുടർന്നത്. വാഹനം തടഞ്ഞുനിർത്തിയ ശേഷം മാർട്ടിനെ ആക്രമിച്ചത് നാടകമായിരുന്നു. പിന്നീട് മാർട്ടിൻ മാറി നിൽക്കുകയും, സുനിലും സംഘവും നടിയുടെ കാറിൽ അതിക്രമിച്ച് കടക്കുകയുമായിരുന്നു. പാലാരിവട്ടത്താണ് നടിയെ ഉപേക്ഷിച്ചത്. ഇത് കൃത്യമായി എവിടെയാണെന്ന് വ്യക്തമായിട്ടില്ല. സംഭവമറിഞ്ഞ് ഇന്നലെ രാത്രി തന്നെ മാർട്ടിനെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. സംവിധായകൻ ലാലിന്റെ വീട്ടിൽ രാത്രി തന്നെ ചെന്ന് നടിയെ കണ്ടിരുന്നു,” യതീഷ് ചന്ദ്ര പറഞ്ഞു.

നടിക്കെതിരായ ആക്രമണം പൊലീസ് കേസായാലും മാർട്ടിൻ പ്രതിയാകരുതെന്ന ലക്ഷ്യം സംഘത്തിനുണ്ടായിരുന്നു. മാർട്ടിനെ നടിക്ക് മുന്നിൽ വച്ച് ആക്രമിച്ചത് ഈ ഉദ്ദേശത്തോടെയാണ്. എന്നാൽ സംഭവത്തിന് പിന്നിലെ ആസൂത്രണ സ്വഭാവം മനസ്സിലാക്കിയ പൊലീസ് ആദ്യം തന്നെ മാർട്ടിനെ പിടികൂടുകയായിരുന്നു.

ആലുവ ഡിവൈഎസ്‌പി ബാബുവിനാണ് കേസിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പിടിയിലായ മാർട്ടിനെ ആലുവ പൊലീസിന്റെ കസ്റ്റഡിയിലേക്ക് നൽകിയിട്ടുണ്ട്. സുനിലും സംഘവും നടിയുടെ അർദ്ധനഗ്ന ചിത്രങ്ങൾ എടുത്തതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇവ പ്രചരിക്കുന്നതിന് മുൻപ് തന്നെ എല്ലാവരെയും കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ ശ്രമം.

മധ്യമേഖല ഐജി, കൊച്ചി സിറ്റി ഡിസിപി, തൃക്കാക്കര എസിപി എന്നിവർ രാത്രി തന്നെ ലാലിന്റെ വസതിയിൽ നേരിട്ടെത്തിയിരുന്നു. സംഭവത്തിൽ ഉന്നത തല അന്വേഷണം നടത്തണമെന്ന് ഇന്നസെന്റ് എംപി, മുഖ്യമന്ത്രിയോടും ഡിജിപിയോടും ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.