കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഡ്രൈവർ അറസ്റ്റിൽ. മാർട്ടിൻ എന്നയാളാണ് അറസ്റ്റിലായത്. പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽകുമാറാണ് കേസിൽ മുഖ്യപ്രതി. ഇന്നലെ രാത്രി 11 മണിയോടെയാണ് നടിയെ തട്ടിക്കൊണ്ടുപോയത്. അങ്കമാലിയിൽ വച്ച് തട്ടിക്കൊണ്ടുപോയ നടിയെ പുലർച്ചെ പാലാരിവട്ടത്ത് ഇറക്കിവിടുകയായിരുന്നു. മുൻ ഡ്രൈവർ ഉൾപ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയത്.

വളരെ ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു. പുലർച്ചെ കാക്കനാടുള്ള സംവിധായകന്റെ വീട്ടിൽ അഭയം പ്രാപിച്ച നടിക്ക് മറ്റ് പരിക്കുകളൊന്നുമില്ല. തൃശൂരിൽ നിന്ന് ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങവേ അർധരാത്രി അങ്കമാലിയിൽ വച്ച് കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. നടി സഞ്ചരിച്ച വാഹനത്തിന്റെ പിന്നിൽ ഇടിപ്പിച്ച ശേഷം വാഹനത്തിന്റെ നിയന്ത്രണം അക്രമിസംഘം ഏറ്റെടുക്കുകയായിരുന്നു.

രാത്രി നഗരത്തിൽ നടിയെയും കൊണ്ട് വാഹനത്തിൽ സഞ്ചരിച്ച അക്രമിസംഘം പിന്നീട് നടിയെ പുലർച്ചെ പാലാരിവട്ടത്തിന് സമീപം ഇറക്കിവിട്ട് മറ്റൊരു വാഹനത്തിൽ കയറിപോകുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടങ്ങി. മാർട്ടിനെ കൂടാതെ നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നടിയുടെ മൊഴി രേഖപ്പെടുത്തി.

നടി സഞ്ചരിച്ച വാഹനം സിനിമയുടെ പ്രൊഡക്ഷൻ ടീമിന്റേതാണെന്ന് പ്രൊഡക്ഷൻ കൺട്രോളർ മനോജ് പറഞ്ഞു. മാർട്ടിനും പൾസർ സുനിയും നടിയുടെ സ്വകാര്യ ഡ്രൈവർമാരല്ലെന്നും മനോജ് പറയുന്നു. പൾസർ സുനിയാണ് സിനിമയുടെ പ്രൊഡക്ഷനായി മാർട്ടിനെ ഡ്രൈവറായി ഏർപ്പാടാക്കിയതെന്നും മനോജ് പറഞ്ഞു.

നടിക്കെതിരായ ആക്രമണം ഞെട്ടിക്കുന്നതും കേരളത്തിനാകെ അപമാനകരമായ സംഭവമാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ