ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സംഭവത്തിലുൾപ്പെട്ട പ്രതികളെ നേരത്തെതന്നെ തിരിച്ചറിഞ്ഞിരുന്നു

Anandu murder case, vayalar murder case, RSS, CPM, Congress, Harthal, Vayalar RSS murder
പ്രതീകാത്മക ചിത്രം

കൊച്ചി: ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ പിടിയിലായ ഡ്രൈവര്‍ മാര്‍ട്ടിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് വിട്ടത്. കേസില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഏഴംഗ സംഘമാണ് കൃത്യം നടത്തിയത്. കേസില്‍ പ്രതിയായ ഡ്രൈവര്‍ ചാലക്കുടി കൊരട്ടി തിരുമുടിക്കുന്ന് പൗവത്തിശേരി വീട്ടില്‍ മാര്‍ട്ടിന്‍ ആന്റണിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സംഭവത്തിലുൾപ്പെട്ട പ്രതികളെ നേരത്തെതന്നെ തിരിച്ചറിഞ്ഞിരുന്നു.

തമ്മനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ മണികണ്ഠൻ, ഷാജി എന്നിവരും സൂത്രധാരനായ പൾസർ സുനിയുമാണ് ഇനി പിടിയിലാകാനുള്ളത്. അതേസമയം ഇന്ന് രാവിലെ കോയന്പത്തൂരിൽ നിന്ന് പിടിയിലായ വടിവാൾ സലിം, പ്രദീപ് എന്നിവരെ ആലുവ പൊലീസ് ക്ലബിലെത്തി ചോദ്യം ചെയ്തു.

നടി സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന പ്രതികളുടെ ടെംമ്പോ ട്രാവലര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തമ്മനം പുല്ലേപടി റോഡില്‍ നിന്നാണ് വാഹനം പൊലിസ് കണ്ടെത്തിയത്. വാഹനത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. വാഹനത്തില്‍ പ്രതികളുപയോഗിച്ചതെന്ന് കരുതുന്ന വസ്ത്രങ്ങളും ലഭിച്ചിട്ടുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച ടെംപോ ട്രാവലറിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തി. ഇത് ചാലക്കുടി സ്വദേശിയുടെ കാറ്ററിങ് വാഹനമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കേസുമായി ബന്ധപ്പെട്ട് എഡിജിപി ബി സന്ധ്യ, മധ്യമേഖല ഐജി പി.വിജയൻ, എറണാകുളം റൂറൽ എസ്‌പി, കൊച്ചി സിറ്റി ഡിസിപി, എറണാകുളം റൂറൽ ഡിവൈഎസ്‌പി എന്നിവർ ആലുവ പൊലീസ് ക്ലബിൽ യോഗം ചേർന്നു.

മുഖ്യപ്രതി പൾസർ സുനി കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ഇയാളുമായി അടുത്ത ബന്ധമുള്ള 20 കേന്ദ്രങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി. തമ്മനം ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള മണികണ്ഠനും ഷാജിയും സുനിലിനൊപ്പമാണ് ഉള്ളതെന്ന നിഗമനത്തിലാണ് പൊലീസ്.

നടിയെ തൃശ്ശൂരിൽ നിന്നും കൊച്ചിയിലേക്ക് ഡബ്ബിംഗിനായി കൂട്ടിക്കൊണ്ടുവരാൻ ആദ്യം ചുമതലപ്പെടുത്തിയത് സുനിലിനെ ആയിരുന്നുവെന്ന് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ മനോജ് പറഞ്ഞു.”എന്നാൽ അസൗകര്യം പറഞ്ഞ് ഒഴിഞ്ഞ സുനിൽ തന്നെയാണ് മറ്റൊരു ഡ്രൈവറെ ഏൽപ്പിച്ചത്. ഇതിന് മുൻപ് മൂന്ന് തവണ നടി സഞ്ചരിച്ച കാർ ഓടിച്ചത് സുനിലായിരുന്നു. മാർട്ടിൻ ഇയാളുടെ സുഹൃത്താണ്. നടിയും ഇവരും തമ്മിൽ യാതൊരു ബന്ധവുമില്ല” എന്നും മനോജ് പറഞ്ഞു.

ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ഭീഷണിപ്പെടുത്തി നടിയിൽ നിന്നും പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമമെന്നാണ് പൊലീസ് കരുതുന്നത്. നടി പരാതിപ്പെടില്ലെന്ന നിഗമനത്തിലായിരുന്നു സംഘമെങ്കിലും, പൊലീസ് ഇടപെടൽ ഉണ്ടായതോടെ സുരക്ഷിത താവളത്തിലേക്ക് മാറുകയായിരുന്നു. ഇയാളെ എത്രയും വേഗം പിടികൂടണമെന്നും പരമാവധി തെളിവുകൾ ശേഖരിക്കണമെന്നും ഡി ജി പി ലോക് നാഥ് ബെഹ്റ അന്വേഷണ സംഘത്തിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Actress kidnapped accused sent to jail for 14 days

Next Story
നമ്മുടെ അമ്മമാര്‍ മനുഷ്യരൂപം പൂണ്ട പിശാചുക്കളെ പ്രസവിക്കാതിരിക്കട്ടെ: മമ്മൂട്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com