തൃശൂർ: തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പി.സി.ജോർജ് എംഎൽഎ മാനഹാനിയുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന് ആക്രമിക്കപ്പെട്ട നടി. നടിയുടെ വസതിയിൽ മൊഴി രേഖപ്പെടുത്താനെത്തിയ സിഐ യ്ക്ക് മുൻപാകെയാണ് നടി മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ സംഭവത്തിൽ പി.സി.ജോർജ് എംഎൽഎയ്ക്ക് എതിരായ പൊലീസ് നടപടി ശക്തമാകും. നേരത്തേ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് അനുകൂലമായി നൽകിയ മൊഴിയോടൊപ്പമാണ് നടിയെ കുറിച്ച് പി.സി.ജോർജ് എംഎൽഎ മോശം പരാമർശം നടത്തിയത്.

ദിലീപിനെ അനുകൂലിച്ച് നടത്തിയ പരസ്യ പ്രസ്താവനയിലാണ് നടിക്കെതിരെ പി.സി.ജോർജ് ആരോപണം ഉന്നയിച്ചത്. ഇപ്പോൾ നടക്കുന്നത് പുരുഷ പീഡനമാണ് എന്നുപറഞ്ഞ പി.സി.ജോർജ് നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല എന്നും പറഞ്ഞു. ആക്രമിക്കപ്പെട്ടുവെന്നു പറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും ഇത്തരത്തിൽ ആക്രമിക്കപ്പെട്ടൊരാൾ അങ്ങിനെ അഭിനയിക്കാൻ പോകുമോയെന്നും പി.സി.ജോർജ് ചോദിച്ചു. കേസില്‍ തെളിവ് നല്‍കാന്‍ താന്‍ എങ്ങും പോകില്ലെന്നും തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നുമായിരുന്നു ജോർജിന്റെ പ്രസ്താവന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ