കൊല്ലം: പ്രശസ്ത നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു. ഞായറാഴ്ച രാത്രി ഏകദേശം 7.35നായിരുന്നു അന്ത്യം. പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ്. ഏറെ നാളുകളായി ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മുന്നൂറോളം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗാന്ധിഭവൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്രഭവനില്‍ കുഞ്ഞുക്കുട്ടന്‍-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പില്‍ക്കാലത്ത് പാലാ തങ്കം എന്ന പേരില്‍ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു. പത്ത് വയസ്സ് മുതൽ സംഗീത പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച പാലാ തങ്കം ഏഴാം തരത്തിൽ പഠനം നിർത്തുകയായിരുന്നു.

ജോണ്‍ ഭാഗവതര്‍, രാജഗോപാലന്‍ ഭാഗവതര്‍, വിജയന്‍ ഭാഗവതര്‍ എന്നിവരുടെ ശിക്ഷണത്തില്‍ പത്തു വയസ്സുള്ളപ്പോള്‍ മുതല്‍ സംഗീതപഠനത്തില്‍ ശ്രദ്ധയൂന്നി. തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ എല്‍.പി.ആര്‍. വര്‍മ്മയുടെ ശിക്ഷണത്തില്‍ സംഗീതപഠനം നടത്തി. തുടർന്ന് മലയാള സംഗീത രംഗത്തേക്ക് കടന്നു വന്ന പാലാ തങ്കത്തിൻ്റെ ആദ്യഗാനം ആലുവ അജന്ത സ്റ്റുഡിയോ ഉടമ ആലപ്പി വിൻസെന്റിന്റെ ‘കെടാവിളക്ക്’ എന്ന ചിത്രത്തിൽ ‘താരകമലരുകൾ വാടി, താഴത്തുനിഴലുകൾ മൂടി’ ആയിരുന്നു. പതിനഞ്ചാമത്തെ വയസ്സിലായിരുന്നു പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം. ചെന്നൈയിൽ വെച്ചായിരുന്നു ഗാനത്തിൻ്റെ റെക്കോർഡിംഗ് നടന്നത്.

പാലായിലെ പള്ളികളിലെയും അമ്പലങ്ങളിലെയും ഏകാംഗനാടകങ്ങളിലൂടെയായിരുന്നു നാടകരംഗത്തേക്കുള്ള കടന്നുവരവ്. എന്‍എന്‍ പിള്ളയുടെ ‘മൗലികാവകാശം’ എന്ന നാടകത്തില്‍ എന്‍.എന്‍. പിള്ളയുടെയും കല്യാണിക്കുട്ടിയുടെയും മകളായി അഭിനയിച്ചാണ് പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കടന്നുവന്നത്. വിശ്വകേരള കലാസമിതി, ചങ്ങനാശ്ശേരി ഗീഥ, പൊൻകുന്നം വർക്കിയുടെ കേരള തിയറ്റേഴ്സ് എന്നിവയിലും തുടർന്ന് കെ.പി.എ.സി.യിലും അഭിനയിച്ചു. ‌

‘കെടാവിളക്ക്’ എന്ന സിനിമയിലൂടെയായിരുന്നു സിനിമ അഭിനയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്. പിന്നീട് ‘റബേക്ക’യിൽ അഭിനയിച്ചു, ഒപ്പം ഇതേ ചിത്രത്തിൽ ഡബ്ബിംഗും ചെയ്തു. തുടർന്ന് ‘തുറക്കാത്ത വാതിലിലും’ അഭിനയിച്ചിട്ടുണ്ട്. അന്യഭാഷാ സിനിമകളടക്കം 3000ത്തിലേറെ സിനിമകൾക്കാണ് പാലാ തങ്കം ശബ്ദം പകർന്നിട്ടുള്ളത്. പാലാ തങ്കം അവസാനമായി അഭിനയിച്ചത് ബാലൻ കെ നായരുടെ യാഗാഗ്‌നി എന്ന ചിത്രത്തിലാണ്. പോലീസുദ്യോഗസ്ഥനായ ശ്രീധരൻ തമ്പിയാണ് തങ്കത്തിന്റെ ഭർത്താവ്. 25 വർഷം മുമ്പാണ് അദ്ദേഹം മരിച്ചത്. പരേതയായ അമ്പിളി ഡബ്ബിംഗ് ആർട്ടിസ്റ്റ് മകളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.