കൊച്ചി: സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടിയുടെ കസിൻ രാജേഷ് ബി മേനോൻ. നീതി കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു. അത് കൊണ്ട് മാത്രമാണ് കേസ് സിബിഐക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പൊലീസിൽ വിശ്വാസമർപ്പിച്ച് ഉറച്ച് നിന്നത്.പ്രത്യക്ഷമായും പരോക്ഷമായും കൂടെ നിന്നവർക്ക് രാജേഷ് നന്ദിയും അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു നടിയുടെ സഹോദരന്റെ പ്രതികരണം.

രാജേഷ് ബി മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

‘ദൈവത്തിന്റ കൈ പതിഞ്ഞ ഈ കേസിന്റെ സത്യം തെളിഞ്ഞതിൽ സന്തോഷം . നീതി കിട്ടുമെന്ന്‌ ഞങ്ങൾക്കുറപ്പുണ്ടായിരുന്നു . അതുകൊണ്ടു മാത്രമാണ് കേസ് CBI യ്ക്ക് വിടണമെന്ന് പലരും പറഞ്ഞപ്പോഴും കേരളാ പോലീസിൽ വിശ്വാസമർപ്പിച്ച് ഞങ്ങൾ ഉറച്ചു നിന്നത് . ഈ കേസിന്റെ തുടക്കം മുതൽ പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങളുടെ കൂടെ നിൽക്കുകയും ഞങ്ങൾക്ക് എല്ലാവിധ പിൻതുണയും നൽകിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും കേരളാ പോലീസിനോടും നല്ലവരായ ജനങ്ങളോടും ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത , ലോകം മുഴുവൻ പരന്നു കിടക്കുന്ന എന്റെ ഫേസ്ബുക് സൗഹൃദങ്ങളോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . സന്തോഷം.’

ഇന്ന് വൈകിട്ടാണ് ഗൂഢാലോചനക്കേസിൽ ദിലീപ് അറസ്റ്റിലാവുന്നത്. കേസുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ ദിലീപിനെ അതീവ രഹസ്യമായി ചോദ്യം ചെയ്ത് വരികയായിരുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത നടനെ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചു. ഇന്ന് തന്നെ നടനെ കോടതിയില്‍ ഹാജരാക്കും.

മുഖ്യപ്രതിയായ പള്‍സര്‍ സുനി നല്‍കിയ മൊഴി പ്രകാരമാണ് ദിലീപിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചതെന്നാണ് വിവരം. നടിയെ ആക്രമിക്കാന്‍ രണ്ട് തവണ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ എംജി റോഡിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിക്കാന്‍ ആദ്യമായി പദ്ധതിയിട്ടത്. തുടര്‍ന്ന് പൊലീസ് ഫോണ്‍ ലൊക്കേഷന്‍ അടക്കമുളള വിവരങ്ങള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.

നടിയോടുളള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് നടന്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ