കൊച്ചി: മൂവാറ്റുപുഴയിൽ പൊലീസ് നടത്തിയ അതിക്രമങ്ങൾക്കെതിരെ അങ്കമാലി ഡയറീസ് സിനിമയിലെ നടി ബിന്നി ബഞ്ചമിൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകി. പൊതുമധ്യത്തിൽ അധിക്ഷേപിച്ചു, അനുവാദമില്ലാതെ ചിത്രം പകർത്തി തുടങ്ങിയ പരാതികളാണ് ഡിവൈഎസ്‌പി ക്കെതിരെ ഉള്ളത്.

അതേസമയം സംഭവത്തിൽ പൊലീസിനെതിരായ ആരോപണങ്ങൾ നിഷേധിച്ച് എറണാകുളം റൂറൽ എസ് പി എ.വി.ജോർജ്ജ് രംഗത്തുവന്നു. നിയമം ലംഘിച്ച് ഓടിയ വാഹനം തടയുകയാണ് പൊലീസ് ചെയ്തതെന്നും, വാഹനത്തിന്റെ ചിത്രമാണ് പൊലീസ് പകർത്തിയതെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തകരോട് പൊലീസ് യാതൊരു വിധത്തിലും മോശമായ പെരുമാറുയിട്ടില്ലെന്ന് ആവർത്തിച്ചെങ്കിലും സിനിമ പ്രവർത്തകരുടെ വാഹനം വിട്ടുകൊടുത്ത നടപടി പൊലീസിന്റെ വീഴ്ചയായി എസ്‌പി കുറ്റപ്പെടുത്തി.

ഇന്നലെ ഉച്ചയ്ക്കാണ് സിനിമയുടെ അണിയറപ്രവർത്തകർ സഞ്ചരിച്ച വാഹനം മൂവാറ്റുപുഴയിൽ പൊലീസ് തടഞ്ഞത്. പിന്നീട് പൊലീസ് ഇവരെ അധിക്ഷേപിച്ച് സംസാരിച്ചതായി പിന്നീട് ഫെയ്സ്ബുക്കിലെ ലൈവ് വീഡിയോയിലൂടെ സംവിധായകൻ ലിജോ ജോസ് പല്ലിശേരിയാണ് വ്യക്തമാക്കിയത്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും, നടീനടന്മാരും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനത്തിനു മുമ്പില്‍ പൊലീസ് വാഹനം വട്ടംവെച്ച് നിര്‍ത്തി നടിമാര്‍ അടക്കമുള്ളവരെ പുറത്തേക്ക് പിടിച്ചിറക്കി മോശമായി പെരുമാറിയെന്നായിരുന്നു പരാതി. മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് അതിക്രമത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

സിനിമ ഓടിക്കൊണ്ടിരിക്കുന്ന തിയറ്ററിന് പുറത്ത് പോസ്റ്ററുകളില്‍ നോക്കിയാല്‍ തിരിച്ചറിയാന്‍ കഴിയുന്ന താരങ്ങളെ തടഞ്ഞു നിര്‍ത്തി വണ്ടിക്ക് അകത്ത് എന്താണ് ചെയ്യുന്നതെന്ന് വളരെ മോശമായി ചോദിച്ചു. പേര് മാറ്റി പള്‍സര്‍ എന്നോ മറ്റോ ആക്കണോയെന്നും പൊലീസുകാര്‍ ചോദിക്കുമ്പോള്‍ എത്തരത്തിലാണ് ഇത് നോക്കിക്കാണേണ്ടതെന്നും ലിജോ ഇന്നലെ ചോദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook