തൃശൂർ: നടിയെ ആക്രമിച്ച കേസിൽ മാഡം എന്നത് കെട്ടുകഥയല്ലെന്ന് പൾസർ സുനി. മാഡം സിനിമ രംഗത്ത് നിന്നുള്ളയാളാണെന്നും, ആലുവ ജയിലിൽ കഴിയുന്ന വിഐപി ഇക്കാര്യം പറഞ്ഞില്ലെങ്കിൽ ഓഗസ്റ്റ് 16ന് താൻ ഇത് വെളിപ്പെടുത്തുമെന്നും പൾസർ സുനി പറഞ്ഞു.

നേരത്തെ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് പൾസർ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനാണെന്നായിരുന്നു പൊലീസ് ഭാഷ്യം. ആക്രമണ സമയത്ത് ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് ആക്രമണത്തിനിരയായ നടിയോട് സുനി പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിന് മൊഴി നൽകിയപ്പോൾ നടി പറഞ്ഞിരുന്നു. പൊലീസിന് നൽകിയ മൊഴിയിലും ഒരു മാഡത്തെക്കുറിച്ച് സുനി പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം ദിലീപിലേക്ക് എത്താതിരിക്കാൻ സുനി പ്രയോഗിച്ച തന്ത്രമാണ് ഇതെന്നാണ് പൊലീസ് പറഞ്ഞതെന്നായിരുന്നു ചാനൽ റിപ്പോർട്ടുകൾ.

ദിലീപിലേക്ക് അന്വേഷണം എത്താതിരിക്കാൻ ആദ്യം മുതലേ സുനി ശ്രമിച്ചിരുന്നു. താൻ ജയിലിൽ പോയാലും ദിലീപ് സഹായിക്കുമെന്ന് സുനിക്ക് ഉറപ്പുണ്ടായിരുന്നു. അതിനാലാണ് ബോധപൂർവം അന്വേഷണത്തെ അട്ടിമറിക്കാൻ ഒരു മാഡത്തെക്കുറിച്ച് മൊഴി നൽകിയതെന്നും പൊലീസ് വൃത്തങ്ങളിൽനിന്നും വിവരം ലഭിച്ചതായി ചാനലുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

അതിനിടെ, നടിയെ ഉപദ്രവിച്ച കേസിൽ നടൻ ദിലീപിന്റെ റിമാൻഡ് നീട്ടി. അങ്കമാലി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഈ മാസം 22 വരെ റിമാൻഡ് നീട്ടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.