ആലുവ: നടിയെ ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്തിയത് അവരുടെ വിവാഹം മുടക്കാനെന്ന് അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോട്ടുകൾ. ക്വട്ടേഷനു പുറമേ, ഇതേ ദൃശ്യങ്ങൾ ഉപയോഗിച്ചു നടിയെ ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാൻ പൾസർ സുനി സ്വന്തമായി തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസിന് മനസിലായതായാണ് റിപ്പോർട്ടുകൾ.

നടിയുടെ വിവാഹ നിശ്ചയ മോതിരം ദൃശ്യങ്ങളിൽ വേണമെന്നു ക്വട്ടേഷൻ നൽകിയ വ്യക്തി നിർബന്ധം പിടിച്ചുവെന്നു മൊഴിയുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. വിവാഹം മുടങ്ങുന്നതു കൊണ്ടു ക്വട്ടേഷൻ നൽകിയ വ്യക്തിക്കുള്ള ലാഭമെന്തെന്നു പൊലീസ് പരിശോധിക്കുകയാണ്. അതിക്രമത്തിന് ഇരയായ നടിയുടെ അഭിനയ, വ്യക്തി ജീവിതങ്ങളെപ്പറ്റി നിർണായക വിവരങ്ങൾ അറിയാവുന്ന നടൻ ദിലീപ്, സംവിധായകൻ നാദിർഷാ എന്നിവരെ ചോദ്യം ചെയ്താൽ വ്യക്തമായ വിവരം ലഭിക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം എന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഇന്നലെ രാത്രി ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേരുന്നിരുന്നു. ആലുവ പൊലീസ് ക്ലബിലായിരുന്നു യോഗം. കേസിന് പുറകിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉന്നതരുടെ അറസ്റ്റ് കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും.

അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ പങ്കെടുത്തിരുന്നില്ല. ആലുവ റൂറൽ എസ്പി എ.വി.ജോർജ്ജ്, പെരുമ്പാവൂർ സിഐ എന്നിവരടക്കം പ്രധാന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

സംഭവത്തിന് പിന്നിലെ ഉന്നത തല ബന്ധം സംബന്ധിച്ച് ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിച്ചതായാണ് വിവരം. ഈ സാഹചര്യത്തിൽ ഉന്നതരടക്കം ഉടൻ പിടിയിലായേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. കേസിൽ നടൻ ദിലീപ്, നാദിർഷ, നടി കാവ്യ മാധവന്റെ അമ്മ ശ്യാമള എന്നിവരെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് വിവരമുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതലയുള്ള എഡിജിപി ബി.സന്ധ്യ ഇന്നലെ പറഞ്ഞിരുന്നു. നിലവിലെ അന്വേഷണം ഗൂഢാലോചന സംബന്ധിച്ചാണെന്നും അവർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ